മൈത്രിയുടെ മിത്രം
സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളില്‍ ഒരാളായിരുന്നു മൗലാന അബുല്‍ കലാം ആസാദ്. 1905ല്‍ ബംഗാളില്‍ ഉയര്‍ന്നുകേട്ട ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഹിന്ദുക്കളും മുസ്‌ലിംകളുമെന്ന വിഭജിച്ചുള്ള ഭരണരീതിയെ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചപ്പോള്‍ മതത്തിന്റെ വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ദേശീയ വിമോചനത്തിനായി പോരാടാനാണ് ആസാദ് ശ്രമിച്ചത്.
ഹിന്ദു-മുസ്‌ലിം മൈത്രിയെ കുറിച്ച് അദ്ദേഹം ഒരിക്കല്‍ പ്രഖ്യാപിച്ചതിങ്ങനെ: 'മേഘങ്ങളില്‍ നിന്ന് ഒരു മാലാഖ ഇറങ്ങി കുത്തബ് മിനാറിന്റെ മുകളില്‍നിന്ന് 'സ്വരാജ്യം എന്ന ആവശ്യം കൈയൊഴിയുക. 24 മണിക്കൂറിനകം ഞാന്‍ സ്വാതന്ത്ര്യം തന്നുകൊള്ളാ'മെന്ന് പറയുന്നുവെന്ന് സങ്കല്‍പിക്കുക. എന്നാല്‍ പോലും ഹിന്ദു-മുസ്‌ലിം ഐക്യത്തിന് ഞാന്‍ പ്രാമുഖ്യം നല്‍കും. സ്വരാജ്യലബ്ധിക്ക് വരുന്ന കാലതാമസം ഇന്ത്യയുടെ മാത്രം പ്രശ്‌നമാണ്. എന്നാല്‍ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ തകര്‍ച്ച മനുഷ്യവര്‍ഗത്തിനൊട്ടാകെയുള്ള നഷ്ടമാണ്.'
പത്രപ്രവര്‍ത്തനം
1888ല്‍ മക്കയിലാണ് അദ്ദേഹം ജനിച്ചത്. 1890ല്‍ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലെത്തി കൊല്‍ക്കത്തയില്‍ താമസമാക്കി. പതിനഞ്ചാം വയസില്‍ ഔപചാരികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1912ല്‍ അല്‍-ഹിലാല്‍ എന്ന പത്രം ആരംഭിച്ചു. മുസ്‌ലിം ജനതയുടെ നവീകരണം ലക്ഷ്യമിട്ടായിരുന്നു പ്രസിദ്ധീകരണം ആരംഭിച്ചത്. എന്നാല്‍ കുറച്ച് ലക്കങ്ങള്‍ ഇറങ്ങിയപ്പോഴേക്കും പത്രം നിരോധിക്കപ്പെട്ടു.
അഞ്ചുമാസത്തിനു ശേഷം അല്‍ ബലാഗ് എന്ന പേരില്‍ പത്രം തുടങ്ങിയെങ്കിലും അതും കണ്ടുകെട്ടി. പിന്നീട് റാഞ്ചിയില്‍ കരുതല്‍തടങ്കലിലായി. അപ്പോഴും ശക്തമായ എഴുത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരേ ആസാദ് ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു.
ഗാന്ധിജിക്കൊപ്പം
1920ല്‍ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച ആസാദിന് ഉണര്‍വു നല്‍കി. ഗാന്ധിജിയുടെ നിസഹകരണപ്രക്ഷോഭത്തിന്റെ ആശയം തിരിച്ചറിഞ്ഞ അദ്ദേഹം ആ സമരരീതിയുമായി മുന്നോട്ടു പോയി. പലതവണ ജയിലില്‍ കിടക്കേണ്ടിവന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യ വിദ്യാഭ്യാസമന്ത്രിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു. വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹം നടപ്പാക്കിയത്. സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസരംഗത്ത് നവീകരണം, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ നവീകരണത്തിന്റെ ഭാഗമായിരുന്നു.
മികച്ച പ്രാസംഗികന്‍, എഴുത്തുകാരന്‍, കവി, ഗസല്‍ രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഖിലാഫത്ത് പ്രശ്‌നവും അറേബ്യയും, വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ, സത്യപ്രഖ്യാപനം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. 1958 ഫെബ്രുവരി 22ന് അന്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."