വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി നിയമനക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കേസ് അവസാനിപ്പിച്ച് വിജിലന്‍സ് സംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അരുണ്‍കുമാറിനെതിരേയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനവും സ്ഥാനക്കയറ്റവുമെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് രണ്ടിലെ എസ്.പി കെ. ജയകുമാര്‍ അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രവീന്ദ്രന്‍ നായരുടെ നിയമനവും വിജിലന്‍സ് ശരിവച്ചിട്ടുണ്ട്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അരുണിനെ ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കുന്നത്. തുടര്‍ന്നുള്ള 12 വര്‍ഷ കാലയളവില്‍ ജോയിന്റ് ഡയറക്ടറായും അഡീഷനല്‍ ഡയറക്ടറായും ഐ.സി.ടി അക്കാദമി ഡയറക്ടറായും സ്ഥാനക്കയറ്റം ലഭിച്ചു.
അരുണ്‍കുമാറിന്റെ നിയമനം യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥിന്റെ നിയമസഭയിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വിജിലന്‍സ് അന്വേഷണം. അന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
വേണ്ടത്ര അധ്യാപന പരിചയമില്ലാതെയാണ് നിയമനമെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക പരിശോധനയ്ക്കുശേഷം ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
എന്നാല്‍ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ, അരുണ്‍കുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ അന്വേഷണം, ആരോപണത്തില്‍ കഴമ്പില്ലെന്നു വിലയിരുത്തി വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."