ചാണ്ടിയെ സംരക്ഷിക്കാന്‍ അവസാനഘട്ട തന്ത്രങ്ങളുമായി എന്‍.സി.പി
കൊച്ചി: ഭൂമി കൈയേറ്റത്തില്‍ ആരോപണവിധേയനായ തോമസ് ചാണ്ടി മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടിവരുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ അവസാനഘട്ട തന്ത്രങ്ങളുമായി എന്‍.സി.പി രംഗത്ത്. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗമായ അഭിഭാഷകനെയാണ് തോമസ് ചാണ്ടി രംഗത്തിറക്കിയിരിക്കുന്നത്.
കൈയേറ്റം സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ തോമസ് ചാണ്ടിക്ക് വേണ്ടി പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസിന്റെ മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമായ വിവേക് തന്‍ഖയാണ് ഹാജരാവുക. വ്യാപം അഴിമതി കേസിലെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച് ശ്രദ്ധേയനായ തന്‍ഖ മധ്യപ്രദേശില്‍നിന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ സ്ഥാനത്തെത്തിയ ആദ്യ അഭിഭാഷകനാണ്.
വിവേക് തന്‍ഖ ഇന്നലെ വൈകിട്ട് കൊച്ചിയില്‍ എത്തി തോമസ് ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയുടെ നീക്കം കൂടി വീക്ഷിച്ചുകൊണ്ടായിരിക്കും ഇന്ന് കൊച്ചിയില്‍ ചേരുന്ന എന്‍.സി.പി നേതൃയോഗം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനത്തിലെത്തുക.
രാജ്യത്ത് എന്‍.സി.പിക്കുള്ള ഏകമന്ത്രിപദവി സംരക്ഷിക്കുന്നതിനായി കേന്ദ്രനേതൃത്വത്തെ രംഗത്തിറക്കിയാണ് സംസ്ഥാന നേതൃത്വം അവസാനനീക്കം നടത്തുന്നത്. തോമസ് ചാണ്ടി രാജിവയ്ക്കുകയാണെങ്കില്‍ നേരത്തെ രാജിവച്ച എ.കെ ശശീന്ദ്രനെ തിരികെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നതാണ് എന്‍.സി.പി ആഗ്രഹിക്കുന്നത്.
ഹൈക്കോടതിയില്‍നിന്ന് തോമസ് ചാണ്ടിക്ക് അനുകൂലമായ വിധി ഉണ്ടായില്ലെങ്കില്‍ രാജി പ്രഖ്യാപിക്കാനും അതിന് മുന്‍പായി ശശീന്ദ്രന്റെ കാര്യത്തില്‍ ഉറപ്പ് വാങ്ങിക്കുന്നതിനുമാണ് എന്‍.സി.പി നേതൃത്വം ശ്രമിക്കുന്നത്. ഇന്നലെ എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത്പവാര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോടും സി.പി.എം നേതൃത്വത്തോടും ഉറപ്പ് ആവശ്യപ്പെട്ടതായാണ് സൂചന.
എ.കെ ശശീന്ദ്രന്റെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതിന് പുറമേ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ജുഡിഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും ഉടന്‍ സമര്‍പ്പിക്കും.
എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയാക്കിയ ഫോണ്‍കെണി വിവാദത്തില്‍ ശാസ്ത്രീയ പരിശോധന നടത്താതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജഡ്ജി പി.എസ് ആന്റണി അധ്യക്ഷനായ ജുഡിഷ്യല്‍ കമ്മിഷന്റെ നീക്കം. ആലപ്പുഴയിലെ ലേക്ക് പാലസ് ഒരു കമ്പനിയുടെ കൈവശമുള്ള സ്ഥാപനമാണെന്നും കമ്പനിയുടെ ഭാഗം കേള്‍ക്കാതെയാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടികാട്ടി തോമസ് ചാണ്ടി നല്‍കിയിരിക്കുന്ന ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
അതിനിടെ, താന്‍ കോണ്‍ഗ്രസ് എം.പിയായിട്ടല്ല അഭിഭാഷകനായാണ് എത്തിയിരിക്കുന്നതെന്ന് വിവേക് തന്‍ഖ പ്രതികരിച്ചു. ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ശക്തമായി രംഗത്തുവന്നു. കോണ്‍ഗ്രസിന്റെ കുപ്പായമിട്ടയാള്‍ തോമസ് ചാണ്ടിക്ക് വേണ്ടി കേസ് വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കിയ വി.എം സുധീരന്‍ വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇത്തരക്കാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."