സി.ബി.ഐ മേധാവി നിയമനം: കേസില്‍ നിന്ന് ജഡ്ജി പിന്മാറി
ന്യൂഡല്‍ഹി: ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടറായി നിയമിച്ചതിനെതിരായ ഹരജി പരിഗണിക്കുന്ന രണ്ടംഗബെഞ്ചില്‍ നിന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ പിന്മാറി. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് ഇന്നലെ കേസ് പരിഗണിക്കുന്നതിന് തൊട്ടു മുന്‍പാണ് കേസില്‍ വാദംകേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ പിന്മാറുകയാണെന്ന് അറിയിച്ചത്.
ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്കു നീട്ടി. രാകേഷിന്റെ നിയമനം നിയമവിരുദ്ധവും ഏകപക്ഷീയവും ആണെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതി മുമ്പാകെയുള്ളത്. രാകേഷ് പ്രതിയായ അഴിമതിക്കേസ് സി.ബി.ഐ അന്വേഷിച്ചുവരികയാണെന്നും ഈ ഘട്ടത്തില്‍ അദ്ദേഹം ഏജന്‍സിയുടെ തലപ്പത്തിരിക്കുന്നത് തെറ്റാണെന്നുമാണ് ഹരജിക്കാരന്റെ വാദം.
നിയമനം റദ്ദാക്കണമെന്നും കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നത് വരെ അദ്ദേഹത്തെ ഒരു അന്വേഷണ ഏജന്‍സിയുടെയും തലപ്പത്ത് നിയമിക്കരുതെന്നും സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."