ഡല്‍ഹിയില്‍ വിഷപ്പുക നിറയുന്നു; മലിനീകരണതോത് ആപത്ക്കരമായ അവസ്ഥയില്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വീണ്ടും വിഷപ്പുകയുടെ തോത് ആപത്കരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. വായുമലിനീകരണം രൂക്ഷമായതിനെതുടര്‍ന്ന് ഒരാഴ്ചയോളമായി അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നലെ തുറന്നെങ്കിലും ഗുരുതരമായ സാഹചര്യം തുടരുന്ന സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഡല്‍ഹി സര്‍ക്കാര്‍. മൂടല്‍മഞ്ഞുകാരണം ദുരക്കാഴ്ച ഇല്ലാതായതോടെ എട്ട് ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കി. 22 ട്രെയിനുകളുടെ സമയം പുതുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയില്‍ ഡല്‍ഹിയിലേക്ക് വരുന്നതും പോകുന്നതുമായ 69 ട്രെയിനുകള്‍ വൈകിയാണ് സര്‍വിസ് നടത്തിയതെന്ന് ഉത്തര റെയില്‍വേ അറിയിച്ചു.
ഡല്‍ഹിയിലെ വായുമലിനീകരണ തോത് ഏറ്റവും മോശമായ അവസ്ഥയിലാണ്. വെള്ളിയാഴ്ച ഏറെക്കുറെ അന്തരീക്ഷം ഭേദപ്പെട്ടിരുന്നെങ്കിലും ഞായറാഴ്ചയോടെ വീണ്ടും മോശമാവുകയായിരുന്നു.
അന്തരീക്ഷ ഊഷ്മാവ് താഴ്ന്നതും ആകാശം മേഘാവൃതമായതും കാറ്റിന്റെ ഭൂമിയോടു ചേര്‍ന്നുള്ള വേഗത കുറഞ്ഞതുമാണ് കാലാവസ്ഥ മോശമാകാന്‍ കാരണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ഇതിനിടയില്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മലിനീകരണം കൂടിയായതോടെ ഡല്‍ഹിയെ ഗുരുതരമായ അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
അതേസമയം മലിനീകരണത്തെച്ചൊല്ലി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും തമ്മില്‍ ഉടലെടുത്ത വാക്ക് തര്‍ക്കവും രൂക്ഷമായി. മലിനീകരണ രാഷ്ട്രീയമാണ് കെജ്്‌രിവാള്‍ നടത്തുന്നതെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്നും ഹരിയാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ വൈക്കോലിനും മറ്റും തീയിടുന്നതാണ് ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് ഇടയാക്കുന്നതെന്ന് കെജ്്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താന്‍ ഡല്‍ഹിയിലുണ്ടെന്നിരിക്കേ മുഖ്യമന്ത്രി കെജ്‌രി വാള്‍ ഇക്കാര്യത്തില്‍ നിശബ്ധത പാലിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി മനോഹര്‍ ലാല്‍ ഖട്ടാര്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ 40,000 കര്‍ഷകരുണ്ട്. അവരുടെ കാര്യത്തില്‍ താങ്കള്‍ എന്താണ് ചെയ്യുന്നതെന്നും കെജ്്‌രിവാളിനോട് ഖട്ടാര്‍ ചോദിച്ചു.
എല്ലാ ശരല്‍ക്കാലത്തും കര്‍ഷകര്‍ വയലില്‍ വൈക്കോല്‍ കത്തിക്കാറുണ്ട്. ഇതില്‍ നിന്നുള്ള പുക കാറ്റില്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ കലരുകയും വാഹനങ്ങളില്‍ നിന്നുള്ള പുകയുമായി കലര്‍ന്ന് അന്തരീക്ഷ വായും മലിനപ്പെടുകയും ചെയ്യുകയാണ്.
എന്നാല്‍ വായുമലിനീകരണം കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും കര്‍ഷകരോട് വൈക്കോല്‍ കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."