നിര്‍ഭയ: വാദം കേള്‍ക്കുന്നത് ഡിസം. 12ലേക്കുമാറ്റി
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങള്‍ക്കു കാരണമായ നിര്‍ഭയ കൂട്ടബലാല്‍സംഗ കേസില്‍ പ്രതി നല്‍കിയ പുനപ്പരിശോധനാഹരജിയില്‍ വാദംകേള്‍ക്കുന്നത് സുപ്രിം കോടതി നീട്ടി. കൂട്ടബലാല്‍സംഗത്തിന്റെ അഞ്ചാംവാര്‍ഷികദിനമായ അടുത്തമാസം 12ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളായ മുകേഷിന്റെ ഹരജിയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുന്‍പാകെയുള്ളത്.
കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതി ബസ് ഡ്രൈവര്‍ രാംസിങ് വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ മൂന്നുവര്‍ഷം ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ച ശേഷം പുറത്തുവിട്ടു. ബാക്കിയുള്ള മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ്കുമാര്‍ സിങ് എന്നീ നാലുപേര്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു.
ഇത് ഡല്‍ഹി ഹൈക്കോടതിയും കഴിഞ്ഞ മെയില്‍ സുപ്രിം കോടതിയും ശരിവച്ചു. ഈ വിധി പുനപ്പരിശോധിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. വിചാരണയ്ക്കിടെ പ്രതിഭാഗം ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും പരിഗണിച്ചില്ലെന്നു അഭിഭാഷകനായ എം.എല്‍ ശര്‍മ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ മുകേഷ് ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16നാണ് അര്‍ധരാത്രി സുഹൃത്തിന്റെ കൂടെ യാത്രചെയ്യുന്നതിനിടെ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായത്. ആണ്‍സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ഇരുവരെയും ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ച കഴിഞ്ഞ് സിംഗപ്പൂരിലെ ആശുപത്രിയിലാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."