പാതയോരത്തെ മദ്യവില്‍പ്പന: ഇളവ് എല്ലാ നഗരസഭയ്ക്കും ബാധകമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: പാതയോരത്തെ മദ്യവില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നഗരസഭാ പരിധിയില്‍ ബാധകമല്ലെന്ന മുന്‍ ഉത്തരവ് രാജ്യത്തെ എല്ലാനഗരസഭയ്ക്കും ബാധകമാണെന്ന് സുപ്രിം കോടതി.
ദേശീയപാതയോരത്തെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 11ന് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തിയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വാക്കാലുള്ള വിശദീകരണം.
ചണ്ഡിഗഡ് ആസ്ഥാനമായ സര്‍ക്കാരിതര സന്നദ്ധ സംഘടന നല്‍കിയ ഹരജി പരിഗണിച്ചാണ് ജൂലൈയില്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നഗരസഭാ പരിധിയില്‍ ബാധകമല്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.
ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതി ഇത് ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ചണ്ഡീഗഡിന് മാത്രം ബാധകമായ വിധിയാണോ അല്ലയോ എന്ന് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഇതേതുടര്‍ന്ന്, തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവെയാണ് രണ്ടംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവില്‍ ഇന്നലെ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് വിശദീകരണം നല്‍കിയത്.
രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപിച്ചുള്ള വാഹനമോടിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയപാതയ്ക്ക് 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പനപാടില്ലെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. എന്നാല്‍, മദ്യശാലകള്‍ക്ക് ഇളവ് നല്‍കാന്‍ റോഡുകളുടെ ദേശീയപാതാ പദവി എടുത്തു കളഞ്ഞ ചണ്ഡിഗഡ് സര്‍ക്കാരിന്റെ നടപടി ശരിവച്ച സുപ്രിം കോടതി അവര്‍ക്ക് ഇളവുനല്‍കുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."