ഒഴൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ മുസ്‌ലിംലീഗ് ബഹുജന പ്രക്ഷോഭത്തിന്
തിരൂര്‍: ഒഴൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരേ മുസ്‌ലീം ലീഗ് ബഹുജന പ്രക്ഷോഭം തുടങ്ങുന്നു. എന്തിനീ ഭരണം, വിലയിരുത്തൂ, പ്രതികരിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്തിലെ ജനപ്രതിനിധികള്‍, മുസ്‌ലിംലീഗ് ,യൂത്ത്‌ലീഗ് ഭാരവാഹികള്‍ പങ്കെടുക്കും. ധര്‍ണ അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പ് പങ്കെടുക്കും.
കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിംലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിവച്ച പദ്ധതികള്‍ മുഴുവന്‍ അട്ടിമറിക്കുകയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകളില്‍ ഒന്നുപോലും സര്‍ക്കാറിലേക്ക് നല്‍കാനും ഭരണസമിതി തയാറായിട്ടില്ലെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ലീഗ് ഭരണസമിതി 600 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്ക് നികുതി ഒഴിവാക്കിയതായിരുന്നു.
എന്നാലിപ്പോള്‍ നികുതി ഒഴിവാക്കിയ മുഴുവന്‍ വീടുകള്‍ക്കും ഒഴുവാക്കിയ കാലത്തേതുള്‍പെടെ നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഭരണസമിതി.
ഈ നോട്ടീസ് ഭരണ സമിതി പിന്‍വലിക്കുക, കാലാവധി കഴിഞ്ഞ ആശ്രയ പദ്ധതി പുനഃസ്ഥാപിക്കുക,നഞ്ച കമ്മിറ്റി കൂടി പാവപ്പെട്ടവരുടെ വീട് നിര്‍മാണത്തിന് ഉടന്‍ അനുമതി നല്‍കുക, പുതുക്കിപണിത റോഡുകള്‍ ആറുമാസം കൊണ്ട് തകര്‍ന്നതിലെ അഴിമതി അന്വേഷിക്കുക, പഞ്ചാത്തിലെ ജലനിധി പ്രവര്‍ത്തനം പുനരാരംഭിക്കുക, കാര്‍ഷിക ആനുകൂല്യങ്ങള്‍ മുഴുവന്‍ കര്‍ഷകര്‍ക്കും നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജന പ്രക്ഷോഭം.
വാര്‍ത്താ സമ്മളനത്തില്‍ മണ്ഡലം മുസ്‌ലിംലീഗ് ട്രഷറര്‍ നൂഹ് കരിങ്കപ്പാറ, കെ.ടി.റസാഖ്, സൈതലവി ഹാജി ബിയ്യാത്തിയില്‍, കണ്ണിയന്‍ സുബൈര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."