ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂരിലേക്ക് മാറ്റണം: എം.പി
കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് ഹൗസ് സൗകര്യവും മലബാറിലെ തീര്‍ഥാടകരുടെ എണ്ണവും പരിഗണിച്ച് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കൊച്ചിയില്‍ നിന്ന് കരിപ്പൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശമയച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസ് ജൂണ്‍ 21ന് ആരംഭിക്കാനിരിക്കെ ഇതിന്റെ പ്രാരംഭ ഘട്ടമായ ഫെബ്രുവരി മാസത്തിന് മുന്‍പു നടക്കുന്ന വിമാനക്കമ്പനികളുടെ ടെന്‍ഡര്‍ രേഖയില്‍ കൊച്ചിക്ക് പകരം കോഴിക്കോടിനെ ഉള്‍പ്പെടുത്തണമെന്ന് എം.പി ഫാക്‌സില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 300 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് കൊച്ചിയില്‍ നിന്ന് സര്‍വിസ് നടത്തിയത്. ഇതുപോലുള്ള ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് നിന്ന് സര്‍വിസ് നടത്തുന്നതിനു തടസമൊന്നുമില്ല എന്നത് ഡി.ജി.സി.എ അറിയിച്ചതായും എം.പി ഫാക്‌സില്‍ സൂചിപ്പിച്ചു. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയും റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയയും ക്രമീകരിക്കുന്ന പ്രകാശ സംവിധാനം ജനുവരിയില്‍ ആരംഭിച്ച് മൂന്നു മാസം കൊണ്ടു പൂര്‍ത്തീകരിക്കുന്നതിനായി തുടര്‍ പരിശോധനകളും മറ്റു പ്രവൃത്തികളും ത്വരിതപ്പെടുത്താനും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."