ഗ്ലോബല്‍ മീറ്റിന് സമാപനം
മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുമായി ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര - കേരള സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താനും പ്രവാസികളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. കൂടാതെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കെത്തിക്കുന്നതിനും അനുയോജ്യമായ ജോലി നേടുന്നതിനും ജോലിമാറ്റത്തിനും സഹായിക്കുക, ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ഗള്‍ഫ് സത്യധാരാ പ്രചാരണം വ്യാപകമാക്കുക, ഗള്‍ഫ് സത്യധാരയുടെ സഊദി എഡിഷന് ആരംഭിക്കുക, അടുത്ത വര്‍ഷത്തെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ നടത്തുക എന്നിവയുമാണ് മീറ്റിലെ മറ്റ് സുപ്രധാന തീരുമാനങ്ങള്‍.
രണ്ടാമത് ഗ്ലോബല്‍ മീറ്റിന്റെ ഉപഹാരമായി റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി 10 ലക്ഷം രൂപയുടെ സ്ഥിരം സഹായ പദ്ധതികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി, ഹൈദരാബാദ് ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ മുഖേന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍, ശുദ്ധജല വിതരണം, വിധവാ പെന്ഷന്, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം എന്നിവ ഒരുക്കും. അഭയാര്‍ഥികള്‍ക്കിടയില്‍ സ്ഥിരമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ഇതോടൊപ്പം നിര്‍ധന കുടുംബങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച വാദിസകന്‍ ഭവന പദ്ധതിയിലേക്കുള്ള വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഏറ്റെടുത്തു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായി സംഘടന നടപ്പിലാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചര്‍ച്ചകളും ഗ്ലോബല്‍മീറ്റില്‍ നടന്നു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗ്ലോബല്‍ മീറ്റ് സമാപന പൊതു സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷനായി. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഗള്‍ഫ് സത്യധാര മാസിക കമ്മിറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിക്ക് നല്കുന്ന ഉപഹാരം ചെയര്മാന് ഡോ.അബ്ദുറഹ്മാന് ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്കി നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മിറ്റി സ്വരൂപിച്ച സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് കൈമാറ്റവും സംസ്ഥാന നേതാക്കള്‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമര്‍പ്പണവും നടന്നു. ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും പങ്കെടുത്തു. മുഹമ്മദ് സിനാന് ഖിറാഅത്ത് നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്റ് അശ്റഫ് അന്‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."