വ്യതിയാനം പി. ജയരാജന് മാത്രമോ?
വ്യക്തി പൂജയുടെ പേരില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍ ഓങ്ങിയിരിക്കുന്നു. കണ്ണൂരില്‍ പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുകയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ താരകമല്ലൊ ചെഞ്ചോരപ്പൊന്‍ കതിരല്ലോ നാടിന്‍ നായകനല്ലോ പി. ജയരാജന്‍ സഖാവ് എന്ന സംഗീത ആല്‍ബം പാര്‍ട്ടിതത്വ സംഹിതകള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.
പാര്‍ട്ടിക്ക് അതീതരല്ല ആരും എന്നാണ് സംസ്ഥാന സമിതി കൈകൊണ്ട തീരുമാനം. എന്നാല്‍, സംസ്ഥാന നേതൃത്വം വ്യക്തി പൂജയെന്ന പേരില്‍ കണ്ടെത്തിയ അര്‍ഥത്തിലല്ല താന്‍ മനസ്സിലാക്കുന്നതെന്ന പി. ജയരാജന്റെ വിശദീകരണം പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ്. ഇന്ത്യയില്‍ സി.പി.എം പ്രവര്‍ത്തിക്കുന്നതിനനുസൃതമായാണ് കണ്ണൂര്‍ ഘടകവും പ്രവര്‍ത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വിശദീകരണം ഇതിന് അടിവരയിടുന്നു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നിര്‍ഭയം നടന്നവനെന്നും ഇരട്ടച്ചങ്കുള്ളവനെന്നും പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് പാര്‍ട്ടി തന്നെയല്ലേ. അതും പരസ്യമായൊരു പ്രകീര്‍ത്തനമല്ലേ. ഇത്തരം പ്രവണതകള്‍ നേരത്തെ പാര്‍ട്ടിയില്‍ ഉണ്ടാകാത്തതാണ്. പി. ജയരാജന് മാത്രം ഇത് ബാധകമായതിന്റെ പിന്നില്‍ കണ്ണൂര്‍ ലോബിയിലുണ്ടായ വിള്ളലുകളായിരിക്കണം.
പാര്‍ട്ടി പറയുന്നത് ഉള്‍കൊള്ളാവുന്നത് ഉള്‍ക്കൊള്ളുമെന്ന പി. ജയരാജന്റെ വിശദീകരണം തനിക്കെതിരെ ചിലര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ്. പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വരുന്നതും അല്ലെങ്കില്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതും തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ നേതാക്കള്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാറില്ല. ഇനിയിപ്പോള്‍ ബ്രാഞ്ച് കമ്മിറ്റികളിലും ഏരിയാ കമ്മിറ്റികളിലും പി. ജയരാജന്റെ വ്യതിചലനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിരിക്കും മുന്‍തൂക്കം. കണ്ണൂര്‍ ലോബിയില്‍ തന്നെയുള്ള അധികാര സംഘര്‍ഷത്തിന്റെ ഭാഗമായിട്ടുവേണം പി. ജയരാജനെതിരെയുള്ള നീക്കത്തെ കാണാന്‍. മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കുന്നത് തുടരുന്നതിനിടയിലാണ് പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തല്‍.
കണ്ണൂരില്‍ നടന്ന പാര്‍ട്ടി സമ്മേളനങ്ങളിലെല്ലാം സംസ്ഥാന നേതാക്കള്‍ക്ക് കിട്ടിയ കൈയടിയേക്കാള്‍ പതിന്‍മടങ്ങാണ് പി. ജയരാജന് ലഭിച്ചുകൊണ്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പങ്കെടുത്ത ഒരു പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തെ നിഷ്പ്രഭനാക്കുംവിധമുള്ള കൈയടിയായിരുന്നു ജില്ലാ സെക്രട്ടറി പി. ജയരാജന് ലഭിച്ചത്. സ്വാഭാവികമായും ഇത് പിണറായി വിജയനില്‍ നീരസം ഉണ്ടാക്കിയിരിക്കാം. പണ്ട് ഇ.എം.എസ് പങ്കെടുത്ത കണ്ണൂരിലെ പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തിന് കിട്ടിയ കൈയടിയേക്കാള്‍ വലിയ തോതിലുള്ള കൈയടിയായിരുന്നു എം.വി രാഘവന് ലഭിച്ചത്. എം.വി രാഘവന്റെ പാര്‍ട്ടിയില്‍ നിന്നു പുറത്തേക്കുള്ള വഴിയാണ് ഇതിലൂടെ ഇ.എം.എസ് തുറന്നിട്ടത്. ചരിത്രം ആവര്‍ത്തിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു പി.ജയരാജനെതിരെയുള്ള പാര്‍ട്ടി നടപടികള്‍ കാണുമ്പോള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടനക്ക് തന്നെയാണ് പ്രാധാന്യം. അതില്‍ നിന്നുള്ള വ്യതിചലനം വ്യക്തി പൂജയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടി അത് പൊറുപ്പിക്കാറില്ല. അതായിരുന്നു പാര്‍ട്ടിയുടെ പഴയശൈലി. ഒരു ജില്ലാ സെക്രട്ടറി ഇത്രമാത്രം മഹത്‌വല്‍ക്കരിക്കപ്പെടുന്നുവെങ്കില്‍ പാര്‍ട്ടിയും നേതാക്കളും കമ്മ്യൂണിസ്റ്റ് ആശയത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും എത്രമാത്രം അകന്നുപോയി എന്നാണ് അത് കാണിക്കുന്നത്.
ജനകീയ സമരങ്ങള്‍ ഏറ്റെടുത്തിരുന്ന പാര്‍ട്ടി അടുത്ത കാലത്തായി അത്തരം സമരങ്ങള്‍ക്ക് നേരെ മുഖം തിരിച്ചുകൊണ്ടിരിക്കുന്നതും മൂല്യങ്ങളില്‍ നിന്നുള്ള നേതാക്കളുടെ അകല്‍ച്ചയും പാര്‍ട്ടി തന്നെ നേരിടുന്ന ഏറ്റവും വലിയ വ്യതിചലനമാണ്. പി. ജയരാജനെതിരെ നടപടിയെടുത്തത് കൊണ്ട് മാത്രം ഇത് അവസാനിക്കുകയില്ല. നടപടിയും വ്യക്തി അധിഷ്ടിതമായിട്ടേ കാണാനാകൂ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ തട്ടകം വിട്ട് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ണൂരിലെ വേരുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും പി. ജയരാജന്‍ തങ്ങള്‍ക്കു മേലെ വളരുകയാണോ എന്ന പേടിയുമല്ലെ ഇത്തരമൊരു നടപടിക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് തോന്നിപ്പോകുന്നു. കെട്ടുകാഴ്ചകളിലും ഫ്‌ളക്‌സുകളിലും പാര്‍ട്ടി അഭിരമിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. സി.പി.എം സെക്രട്ടറിയായിരുന്ന വേളയില്‍ പിണറായി വിജയന്റെ എത്രയോ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴത് പി. ജയരാജന്റെ കാര്യത്തിലാകുമ്പോള്‍ വ്യതിയാനം ആരോപിക്കുന്നത് ശരിയാണോ? പാര്‍ട്ടിയെ ശുദ്ധീകരിക്കലാണ് ലക്ഷ്യമെങ്കില്‍ ഓരോ നേതാക്കളും സ്വയം വിമര്‍ശനം നടത്തട്ടെ. പി. ജയരാജന്റെ അടുത്ത് തെറ്റുകളുണ്ടെങ്കില്‍ അദ്ദേഹത്തെ വിളിച്ച് ഗുണദോഷിക്കുകയായിരുന്നില്ലെ വേണ്ടിയിരുന്നത്.
പെട്ടെന്ന് നടപടിയിലേക്ക് നീളുമ്പോഴാണ് സംശയങ്ങള്‍ സ്വാഭാവികമായും ഉയരുന്നത്. സി.പി.എമ്മിന്റെ സമാന്തര അധികാര കേന്ദ്രമാണ് കണ്ണൂര്‍ ലോബി എന്നത് ആരും നിഷേധിക്കുകയില്ല. അവിടെ പി. ജയരാജന്‍ വാനോളം ഉയര്‍ന്നുവരുന്നതില്‍ ഇതര നേതാക്കള്‍ക്കുണ്ടാകുന്ന അസഹ്യതയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുവാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ ലോബിയിലെ അധികാര രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളാണ് പി. ജയരാജനെതിരെയുള്ള നടപടിയായി പരിണമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."