ശിശുദിനത്തില്‍ പൊലിസിന്റെ സമ്മാനം കുട്ടികള്‍ക്കായൊരു പൊലിസ് സ്റ്റേഷന്
കണ്ണൂര്‍: ശിശുദിനത്തില്‍ പൊലിസ് കുട്ടികള്‍ക്ക് സമ്മാനിച്ചതൊരു പൊലിസ് സ്റ്റേഷന്. ഇരു കൈകളും നീട്ടി കുട്ടികളത് സ്വീകരിക്കുകയും ചെയ്തു.
ലോക ബാങ്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍മിച്ച ആറ് ശിശു സൗഹൃദ പൊലിസ് സ്റ്റേഷനുകളിലൊന്നാണ് കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഇന്നലെ ഉദ്ഘാടനം ചെയ്തത്. അഞ്ചുലക്ഷം രൂപാ ചിലവിലാണ് ടൗണ്‍ പൊലിസ് സ്റ്റേഷനോട് ചേര്‍ന്ന് ശിശു സൗഹൃദ പൊലിസ് സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഇനിമുതല്‍ കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നതും പ്രതികയാകുന്നതുമായ കുട്ടികളെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ പുതിയ ശിശുസൗഹൃദ സ്റ്റേഷനിലേക്കാണ് കൊണ്ടുവരിക. കുട്ടികളുടെ മൊഴിയെടുക്കുന്നതിനും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കും പൊലിസിന്റെ ഔദ്യോഗിക യൂനിഫോമിലല്ലാതെയുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറായിരിക്കുമുണ്ടാവുക. പൂര്‍ണമായും കുട്ടികള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് സ്റ്റേഷന് രൂപീകരിച്ചിരിക്കുന്നത്. ശീതികരിച്ച മുറികളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കി. ഇരിക്കാനും കിടക്കുവാനും കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തുവാനും സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ലൈബ്രറിയും ശുചിമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. കണ്ണൂര്‍ ടൗണ്‍ ശിശു സൗഹൃദ പൊലിസ് സ്റ്റേഷന് ഉദ്ഘാടനത്തില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി ലത അധ്യക്ഷയായി.
ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്, ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് പി.പി സദാനന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."