പ്രമേഹ ദിനം; ജില്ലാ പഞ്ചായത്ത് ബോധവല്‍ക്കരണം നടത്തി
കണ്ണൂര്‍: കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനവും പ്രമേഹരോഗ ബാധിതരാണെന്നും അതില്‍ പകുതിയിലേറെയും സ്ത്രീകളാണെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രമേഹദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളും പ്രമേഹവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി നിര്‍ദേശിച്ചു. കേരളത്തിലെ ഗ്രാമീണ സ്ത്രീകളിലാണ് പുരുഷന്‍മാരേക്കാള്‍ പ്രമേഹ രോഗികള്‍ കൂടുതല്‍. കൃത്യമായ വൈദ്യ പരിശോധനകള്‍ നടത്താത്തതും വ്യായാമത്തിന്റെ കുറവും തെറ്റായ ഭക്ഷണ ശീലവുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനയും വ്യായാമവും ഭക്ഷണത്തിലെ നിയന്ത്രണവും കൃത്യമായി മരുന്ന് കഴിക്കുകയെന്നതുമാണ് പ്രമേഹം നിയന്ത്രിക്കാനുള്ള പ്രധാന വഴികള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് പ്രമേഹദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പാക്കുന്ന പ്രമേഹ പ്രതിരോധ പദ്ധതിയെക്കുറിച്ച് പി. ശിവകുമാര്‍ (കെ.ഡി.പി.പി) വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, ഡോ. ആര്‍.കെ സുമ തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേഖ സ്വാഗതവും നൈല്‍ കോട്ടായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."