കുമ്പള പഞ്ചായത്തില്‍ ഉദ്യോഗസ്ഥ ക്ഷാമം; ഭരണസമിതി അംഗങ്ങള്‍ ഡി.ഡി.പി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി
കുമ്പള: ഉദ്യോഗസ്ഥ ക്ഷാമത്താല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ കുമ്പള പഞ്ചായത്തില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഡപ്യൂട്ടി ഡയക്ടറുടെ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്തു സെക്രട്ടറി, ഓവര്‍സിയര്‍, ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ ഉടന്‍ നിയമനം വേണമെന്നാവശ്യപ്പെട്ടാണ് പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.
23 വാര്‍ഡുകളുള്ള കുമ്പള പഞ്ചായത്തിന്റെ ഓഫിസ് പ്രവര്‍ത്തനത്തെ ഉദ്യോഗസ്ഥ ക്ഷാമം സാരമായാണു ബാധിച്ചിരിക്കുന്നത്. പതിനാറു കോടിയോളം രൂപയുടെ വിവിധങ്ങളായ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കാനുള്ളത്. അതുപോലെ സെക്രട്ടറി തന്നെ നിര്‍വഹണം നടത്തേണ്ടുന്ന നിരവധി പദ്ധതികള്‍ മാര്‍ച്ചിനു മുമ്പ് പൂര്‍ത്തീകരിക്കാനുമുണ്ട്.
അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് മറ്റു പഞ്ചായത്തിന്റെ കൂടി അധിക ചുമതല വഹിക്കേണ്ടതിനാല്‍ ഇവിടെ അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണം നടത്തുന്ന റോഡ് മറ്റു മരാമത്ത് പണികളുടെ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അന്വേഷണം നടത്തുന്നതിനും കന്നഡ വിവരാവകാശങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും ആളില്ല. ഇത്തരം ജീവനക്കാരുടെ ഒഴിവുകള്‍ കാരണം വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ നിരവധി തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയാണു നിലവിലുള്ളത്. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഒരാഴ്ചക്കകം ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുമെന്നും പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷ പറഞ്ഞു. വൈസ് പ്രസിഡന്റ് ഗീതാ ഷെട്ടി , സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ ആരിഫ്, ബി.എന്‍ മുഹമ്മദലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, വി.പി അബ്ദുല്‍ കാദര്‍ , മറിയമ്മ മൂസാ, ഹഫ്‌സാ ഷംസുദ്ധീന്‍, സൈനബ, മുഹമ്മദ് കുഞ്ഞി, ഖൈറുന്നിസാഖാദര്‍, ഹരീഷ്, സുധാകര കാമത്ത് എന്നിവര്‍ പങ്കെടുത്തു. സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."