കോടികളുടെ വിസ തട്ടിപ്പ്; അന്വേഷണം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാതെ ക്രൈംബ്രാഞ്ച്
കൊട്ടാരക്കര: കൊട്ടാരക്കര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പിന്റെ അന്വേഷണം ഇനിയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ പൊലിസ് രേഖകള്‍ കൈമാറിയെങ്കിലും അനുകൂലമറുപടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്നും റൂറല്‍ പൊലിസിന് ലഭ്യമായിട്ടില്ല. റൂറല്‍ പൊലിസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പുലമണ്‍ കോട്ടപ്പുറം ഗോകുലത്തില്‍ ബിജു കോട്ടപ്പുറം (53) മക്കളായ ഹരികൃഷ്ണന്‍ (25), ഗിരികൃഷ്ണന്‍ (22) കുണ്ടറ നെടുമ്പന സ്‌നേഹാലയത്തില്‍ സുനില്‍ കുമാര്‍ (34), വാക്കനാട് സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍ (37), മാന്നാര്‍ എണ്ണക്കാട് നന്ദനം വീട്ടില്‍ സന്തോഷ് (38) എന്നിവരെയാണ് ഇപ്പോള്‍ പൊലിസ് പിടികൂടിയിട്ടുള്ളത്. എന്നാല്‍ മുഖ്യപ്രതി കോന്നി ഇളകൊല്ലൂര്‍ കിഴവള്ളൂര്‍ കുഴിപ്പറമ്പി വീട്ടില്‍ പ്രിന്‍സ് സക്കറിയ(32) ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടന്നുവരുകയാണെന്ന് അന്വേഷണ ഉദ്യാഗസ്ഥനായ കൊട്ടാരക്കര സി.ഐ ഒ.എ സുനില്‍ അറിയിച്ചു.
മുമ്പും നിരവധി തട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുള്ളതായും പൊലിസ് വ്യക്തമാക്കുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.
പ്രധാന പ്രതികളിലൊരാളായ കോട്ടപ്പുറം ബിജുവിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു വിസ തട്ടിപ്പ് നടന്നത്. ഇയാളെ അറസ്റ്റു ചെയ്യുന്നതില്‍ പൊലിസ് കാലതാമസം വരുത്തി.
അറസ്റ്റിനു മുന്‍പ് കിട്ടിയ ദിവസങ്ങളില്‍ ഇയാള്‍ കേസ് ഒത്തുതീര്‍ക്കാനും അന്വേഷണത്തിന്റെ തീവ്രത കുറയ്ക്കുവാനും ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നുണ്ട്.
കുറ്റപത്രത്തില്‍ നിന്നും ഇയാളുടെ പേര് ഒഴിവാക്കാന്‍ ശ്രമം നടന്നു വരുന്നതായും ആരോപണമുണ്ട്. കോട്ടപ്പുറം ബിജുവിന്റെ വീട്ടിലെ സ്ത്രീകളുടെ പേരിലുള്ള ചെക്കുകളും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഇവരെയൊന്നും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ ഇപ്പോള്‍ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഉന്നതരും വിസതട്ടിപ്പിന്റെ ഇടനിലക്കാരായും പ്രവര്‍ത്തിച്ചിരുന്നു.
കൂടാതെ കോട്ടപ്പുറം ബിജുവും കുടുംബവും വസ്തുഇടപാടുകളും ചില വ്യാപാര സ്ഥാപനങ്ങളില്‍ പങ്കാളിത്തവും വഴിത്തിരുവകളായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ആ വഴിക്കുള്ള അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരാതി.
ഇതിനിടയില്‍ സി.പി.എമ്മിന്റെ ഒരു ജില്ലാ നേതാവും ബി.ജെ.പി യുടെ ഒരു ജില്ലാ നേതാവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായിട്ടുണ്ട്. വെട്ടിക്കവലയിലെ സി.പി.എം നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
കേസ് അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എം നേതാവിന്റെ സഹായം തേടിയായിരുന്നു ബി.ജെ.പി നേതാവിന്റെ സന്ദര്‍ശനം എന്നാണ് ആരോപണം. സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും ഇത് ചര്‍ച്ചയായി കഴിഞ്ഞു.
കേസന്വേഷണം ക്രൈംബ്രാഞ്ചിനോ മറ്റ് ഏതെങ്കിലും ഉയര്‍ന്ന ഏജന്‍സിക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."