ചെന്നിത്തലയുടെ പടയോട്ടത്തിന് കൊല്ലത്ത് സ്വാഗതസംഘമില്ല
കൊല്ലം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയോട്ട'ത്തിന്റെ സ്വീകരണത്തിനായി കൊല്ലത്ത് സംഘടിപ്പിക്കുന്ന സമാപനസമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിക്കാത്തത് മുന്നണിയില്‍ പൊട്ടിത്തെറിക്കു കാരണമാകുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കരുനാഗപ്പള്ളിയിലെത്തിക്കുന്നതില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ഭിന്നതയും ഉടലെടുത്തു. ഘടകകക്ഷികളെ ഒതുക്കി സമാപനസമ്മേളനം കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ കളിയാട്ടമായി മാറുകയാണെന്നാണ് വിമര്‍ശനം. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ പിന്നിലാക്കി പരിപാടി കോണ്‍ഗ്രസിലെ ഒരു സംഘം ഹൈജാക്കു ചെയ്യുകയാണെന്ന ആക്ഷേപം മറനീങ്ങിയതോടെ,പരാതി സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിക്കാന്‍ ഒരുവിഭാഗം ശ്രമവും തുടങ്ങി.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്ക് പകരം കൊല്ലം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന,യു.ഡി.എഫ് കൊല്ലം-ഇരവിപുരം നിയമസഭാ നിയോജകമണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി കന്റോണ്‍മെന്റ് മൈതാനത്താണ് 28ന് പടയൊരുക്കത്തിനുള്ള സമാപനസമ്മേളനം ഒരുക്കുന്നത്.
ഇരു നിയോജകമണ്ഡലം ചെയര്‍മാന്‍മാരാണ് പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയും സ്വാഗതവും ആശംസിക്കുകയും ചെയ്യേണ്ടത്.
എന്നാല്‍ അതിന് പകരം ജില്ലാ കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കളുടെ ഇംഗിതമനുസരിച്ച് സമ്മേളനം സംഘടിപ്പിക്കാനുള്ള നീക്കമാണ് വിവാദമായത്.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ,കെ.പി.സി.സി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്‍,കെ.പി.സി.സി സെക്രട്ടറി എ ഷാനവാസ്ഖാന്‍,യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ തുടങ്ങിയവരടങ്ങുന്ന കോര്‍വിഭാഗമാണ് പടയൊരുക്കത്തിന്റെ കൊല്ലത്തെ പിന്നണിക്കാര്‍.
യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം ചെയര്‍മാന്‍ കോണ്‍ഗ്രസിലെ പി.ആര്‍ പ്രതാപചന്ദ്രനും ഇരവിപുരം നിയോജകമണ്ഡലം ചെയര്‍മാന്‍ മുസ്‌ലിംലീഗ് നേതാവ് എ യൂനുസ് കുഞ്ഞുമാണ്. ലീഗിന്റെ ജില്ലയിലെ പ്രമുഖനാണ് വ്യവസായികൂടിയായ യൂനുസ്‌കുഞ്ഞ്.
മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്ന ഇരവിപുരം മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്കു നല്‍കിയെങ്കിലും ഇവിടം ലീഗിന്റെ ജില്ലയിലെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നാണ്. ആര്‍.എസ്.പിക്കാണ് ഇരവിപുരത്ത് മുന്നണി കണ്‍വീനര്‍ സ്ഥാനം. സ്വാഗതസംഘം രൂപീകരിച്ചാല്‍, ഇരവിപുരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കന്റോണ്‍മെന്റ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാനെന്ന നിലയില്‍ സ്വാഭാവികമായും യൂനുസ്‌കുഞ്ഞാണ് ചടങ്ങില്‍ അധ്യക്ഷനാകേണ്ടത്.
അതിന് തടയിടാനാണ് യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ ഇടപടലില്‍ സ്വാഗതസംഘം രൂപീകരണം അട്ടിമറിച്ചതെന്നുള്ള ആക്ഷേപം വ്യാപകമാണ്. സംഭവത്തില്‍ ആര്‍.എസ്.പി നേതാക്കള്‍ അസ്വസ്ഥരാണെങ്കിലും കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രനായതിനാല്‍ ആര്‍.എസ്.പിക്ക് കോണ്‍ഗ്രസിനെ പിണക്കാനും ബുദ്ധിമുട്ടുമുണ്ട്. ഇതിനിടെ,കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെടുന്ന കരുനാഗപ്പള്ളിയിലെ സ്വീകരണസമ്മേളനത്തില്‍, മുഖ്യാതിഥിയായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കൊണ്ടുവരാനുള്ള നീക്കത്തെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ എതിര്‍ത്തതായാണ് അറിയുന്നത്.
കരുനാഗപ്പള്ളിക്ക് പകരം സിദ്ധാരാമയ്യയെ കൊല്ലത്ത് എത്തിക്കണമെന്ന കെ.സി രാജന്റെ ആവശ്യം വേണുഗോപാല്‍ നിരസിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇരുനേതാക്കളും ഇടയുകയും ചെയ്തു. കൊല്ലത്തെ സമ്മേളനം തങ്ങളുടെ അക്കൗണ്ടിലാക്കി, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍, നിയമസഭയിലും പാര്‍ലമെന്റിലും മത്സരിച്ചു പരാജയപ്പെട്ട ചിലര്‍ക്ക് വീണ്ടും 'മത്സരി'ക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനിടെ,ബന്ധപ്പെട്ടവരോട് ആലോചിക്കാതെ ജില്ലയിലെ മിക്ക നിയോജകമണ്ഡലങ്ങളിലും പടയോട്ടത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഒപ്പുശേഖരണത്തിനുള്ള സ്വാഗതസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മൂന്നു ഡി.സി.സി ജനറല്‍സെക്രട്ടറിമാരുള്ള കൊല്ലം നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളോട് ആലോചിക്കാതെ ഡി.സി.സി ഭാരവാഹിപോലുമല്ലാത്തയാളെ ഒപ്പുശേഖരണത്തിന്റെ കണ്‍വീനറാക്കിയത് കൊല്ലത്ത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ ആക്കം കൂട്ടി.
പടയൊരുക്കം വരുദിനങ്ങളില്‍ യു.ഡി.എഫ് ജില്ലാ നേതൃത്വത്തിനെതിരെയുള്ള കൊല്ലത്തെ പ്രധാന പ്രവര്‍ത്തകരുടെ പടയോട്ടമാകുമെന്നാണ് അണിയറ സംസാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."