കണ്ണമ്പ്രയില്‍ വ്യാവസായിക പാര്‍ക്കും ക്രാഫ്റ്റ് വില്ലേജും ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി ബാലന്‍
പാലക്കാട്: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് വ്യാവസായിക പാര്‍ക്കും അഞ്ചര ഏക്കര്‍ സ്ഥലത്ത് ക്രാഫ്റ്റ് വില്ലേജും നിര്‍മിക്കുമെന്ന് പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. തരൂര്‍ നിയോജകമണ്ഡലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം ബജറ്റിലുള്‍പ്പെടുത്തി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടായിരം കോടി ചെലവ് പ്രതീക്ഷിക്കുന്ന വ്യാവസായിക പാര്‍ക്കിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വെ നടപടികള്‍ പുരോഗമിക്കുകയാണ്. പരമ്പരാഗത കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായാണ് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുന്നത്. നൂറ് കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും.
ഇതിനായി ധനകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടക്കുകയാണ്.
മണ്ഡലത്തിലെ പരമ്പരാഗത വ്യാവസായിക യൂനിറ്റുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കല്ലേപ്പുള്ളി കെല്‍പാം യൂനിറ്റ് നവീകരിച്ച് റൈസ് മില്‍ തുടങ്ങും.
നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും. പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കും.
പെരിങ്ങോട്ടുകുറിശ്ശി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് 10 കോടി ചെലവില്‍ നവീകരിക്കും. വടക്കഞ്ചേരി കമ്മ്യൂനിറ്റി കോളേജിന് കെട്ടിടം നിര്‍മിക്കുന്നതിനായി ഏഴു കോടി രൂപ നല്‍കും.
പട്ടികജാതി കോളനികളുടെ നവീകരണത്തിന് മൂന്ന് കോടി, കുടുംബശ്രീ യൂനിറ്റുകള്‍ക്ക് മൂന്ന് കോടി, തരൂരില്‍ ശിശുമന്ദിരം സ്ഥാപിക്കുന്നതിന് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
റോഡ് നവീകരണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി വലിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
തരൂരിനേയും ഒറ്റപ്പാലത്തേയും ബന്ധിപ്പിക്കുന്ന ഞാവലിന്‍ കടവ് പാലം യാഥാര്‍ഥ്യമാക്കുന്നതിന് കൃഷിവകുപ്പിന്റെ അനുമതിക്ക് ശ്രമിച്ചുവരികയാണ്. കോട്ടായിയില്‍ എം.ഡി. രാമനാഥന്‍ സ്മാരകത്തിന് ഒരു കോടിയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളത്. വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള ഏകോപനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ വിശദീകരിച്ചു.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേര്‍ളി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."