ആളിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം വാങ്ങിയെടുക്കല്‍
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അവകാശപെട്ട വെള്ളം വാങ്ങിയെടുക്കാന്‍ ഭരണകക്ഷിക്കും ഇടത് അനുകൂല കര്‍ഷക സംഘടനകളും ദുരൂഹതയുണ്ടെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. തമിഴ്‌നാട് കര്‍ഷകര്‍ ഭരണകൂടത്തെയും, ഉദ്യോഗസ്ഥരെയും വരുതിയില്‍ നിര്‍ത്തി കേരളത്തിന് നല്‍കേണ്ട വെള്ളം പോലും തടസപ്പെടുത്തി കൊണ്ടിരിക്കുന്നു.
പറമ്പിക്കുളം വെള്ളം മുഴുവന്‍ തിരുമൂര്‍ത്തി ഡാമിലേക്ക് തിരിച്ചു വിടാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതിനാല്‍ കഴിഞ്ഞ ദിവസം ആളിയാര്‍ ഡാമിലേക്ക് കോണ്ടൂര്‍ കനാലിലെ ഔട്‌ലറ്റ് വഴി തുറന്നു വിട്ട വെള്ളം നിര്‍ത്തിവെപ്പിച്ചു. ഇതോടെ അടുത്ത തവണ നല്‍കേണ്ട വെള്ളത്തില്‍ കുറവുണ്ടായിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ രണ്ടാം വിളയും പ്രതിസന്ധിയിലാവുമെന്ന അവസ്ഥയാണുള്ളത്.
തമിഴ് കര്‍ഷകര്‍ പ്രതികരിച്ചപ്പോള്‍ ഉടനെ ആളിയാര്‍ ഡാം നിറക്കാന്‍ തുറന്ന വിട്ട വെള്ളം നിര്‍ത്തിവെച്ചു. ഇനി ആളിയാറിന്റെ വൃഷ്ട്ടി പ്രദേശങ്ങളില്‍ കിട്ടുന്ന വെള്ളം മാത്രം കേരളത്തിന് നല്‍കിയാല്‍ മതിയെന്നാണ് അവിടത്തെ കര്‍ഷകര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
ഇപ്പോള്‍ ആളിയറില്‍ ഒന്നര ടി.എം.സി വെള്ളമേയുള്ളു. കേരളത്തിന് വെളളം കിട്ടണമെങ്കില്‍ ഡാമില്‍ മൂന്ന് ടി.എം.സി വെള്ളമെങ്കിലും വേണ്ടി വരും. കര്‍ഷകര്‍ ശക്തമായി പ്രക്ഷോഭരംഗത്തുള്ളതിനാല്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് നിയമ പ്രകാരം കേരളത്തിലേക്ക് നല്‍കേണ്ട വെള്ളം പോലും നല്‍കാന്‍ പറ്റുന്നില്ലെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറയുന്നു. ആളിയാറില്‍ വെള്ളം സംഭരിച്ചു വെച്ചാല്‍ മാത്രമേ കേരളത്തിലേക്ക് ആവശൃമുളള വെള്ളം നല്‍കാന്‍ കഴിയൂ.
കഴിഞ്ഞ ഒരാഴ്ച്ചയായി പറമ്പിക്കുളം ഡാമില്‍ നിന്നും തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കൊണ്ട് പോകുന്ന കോണ്ടൂര്‍ കനാലില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വേണ്ടിയാണ് 400ഘനയടി വീതം വെള്ളം ആളിയാറിലേക്കു തുറന്നു വിട്ടത്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കേരളത്തിലേക്ക് വെള്ളം നല്‍കുന്നതില്‍ ഒരുവിഭാഗം തമിഴ് കര്‍ഷകര്‍ എതിര് നില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല.
കേരളത്തിലെ ഭരണകക്ഷിയിലെയും, പ്രതിപക്ഷത്തെയും കര്‍ഷക സംഘടനകള്‍ ആളിയാര്‍ വെള്ളം വാങ്ങിയെടുക്കുന്നതിനുള്ള സമര പരിപാടികളോന്നും നടത്താതെ മൗനം പാലിക്കുകയാണ്. എന്നാല്‍ രാക്ഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന ചില കര്‍ഷക സംഘടനകളെ കുറ്റപ്പെടുത്തി കര്‍ഷകരുടെ സമരവീര്യം തകര്‍ക്കാനാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.
ഭരണകക്ഷികളായ സി.പി.എമ്മിനും, സി.പി.ഐക്കും, ജനതാദള്‍ (എസ് ), തുടങ്ങിയവര്‍ക്കെല്ലാം കര്‍ഷക സംഘടനകളും, കര്‍ഷക തൊഴിലാളി സംഘടനകളും ഉണ്ടെങ്കിലും ആളിയാര്‍ വെള്ളത്തിന് വേണ്ടി ശക്തമായ സമരങ്ങളൊന്നും നടത്താന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ തവണത്തെ മൂന്നര ടി.എം.സി വെള്ളം കരാര്‍ പ്രകാരം നല്‍കാന്‍ ബാക്കിയുണ്ട്
ഈ അവസ്ഥ തുടര്‍ന്നാല്‍ ഇത്തവണ ഡിസംബറില്‍ തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെടാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത്. ഭാരതപുഴയുടെ കൈവഴികളെല്ലാം തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയണകള്‍ നിര്‍മ്മിച്ച് കൊട്ടിയടച്ചു കൊണ്ടിരിക്കുന്നു. ഇത് കാണാനും പറയാനും ജനപ്രതിനിധികള്‍ക്കും താല്‍പര്യമില്ല.
ജില്ലയിലെ 12 എം.എല്‍.എമാരുള്ളതില്‍ രണ്ടു പേര്‍ മാത്രമാണ് കഴിഞ്ഞ മാസത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ ആളിയാറില്‍ നിന്നും വെള്ളം വാങ്ങിയെടുക്കുന്നതില്‍ കേരളത്തിന്റെ അനാസ്ഥയെക്കുറിച്ചു പരാതി പറഞ്ഞിട്ടുള്ളത്.
ബാക്കിയുള്ളവര്‍ ഇതിനെതിരേ ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ എം.എല്‍.എമാരും നിയമസഭയില്‍ ഇതിനെക്കുറിച്ചു സംസാരിക്കാന്‍ തയ്യാറാവുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."