വായുമലിനീകരണം തടയാനായി പിരിച്ചെടുത്ത 1,500 കോടി രൂപ ചെലവഴിക്കാതെ ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോഴും ഇത് നേരിടുന്നതിനായി പിരിച്ചെടുത്ത 1500 കോടിയുടെ ഗ്രീന്‍ഫണ്ട് ഉപയോഗിക്കാതെ ഡല്‍ഹി സര്‍ക്കാര്‍.
സുപ്രിം കോടതി നിര്‍ദേശ പ്രകാരം 2015മുതല്‍ ഈ മാസം 10 വരെ ഡല്‍ഹിയിലെത്തിയ ട്രക്കുകളില്‍ നിന്ന് പിരിച്ചെടുത്ത പരിസ്ഥിതി നഷ്ടപരിഹാര ചാര്‍ജ്(ഇ.സി.സി) എന്ന രീതിയില്‍ പിരിച്ചെടുത്തത് 1,003 കോടി രൂപയാണ്. ശേഷിക്കുന്ന തുക ഓരോ ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോഴും ലെവിയായി പിരിച്ചെടുത്തതാണ്. ഇത് ചെലവഴിക്കാതെയാണ് അന്തരീക്ഷ മലിനീകരണത്തെ നേരിടുന്നത് എങ്ങനെയെന്നറിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത്.
ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ശേഖരിക്കുന്ന നഷ്ടപരിഹാര തുക എല്ലാ വെള്ളിയാഴ്ചകളിലും സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറാറുണ്ട്. 2007ല്‍ അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് സര്‍ക്കാരാണ് വായുമലിനീകരണം തടയുന്നതിനായി ഡീസല്‍ വില്‍പന വഴി സെസ് ഈടാക്കുന്ന നടപടി തുടങ്ങിയിരുന്നത്. അതേസമയം പണം ചെലവഴിക്കാത്തത് എന്താണെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഡല്‍ഹിയില്‍ വായുമലിനീകരണം തടയാനായി ഇലക്ട്രിക് ബസ് തുടങ്ങുന്നതിനായി ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. എന്നാല്‍ എത്ര ഇലക്ട്രിക് ബസുകള്‍ വാങ്ങിക്കുമെന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
അതിനിടയില്‍ മലിനീകരണത്തെ ചൊല്ലി ഹരിയാന സര്‍ക്കാരുമായുണ്ടായ തര്‍ക്കത്തിനിടയില്‍ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ചര്‍ച്ച നടത്തി. ഗുണപരമായ ചര്‍ച്ചയായിരുന്നു നടത്തിയതെന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്തെ മലിനീകരണം ഗുരുതരമായ പ്രശ്‌നമാണ്. ഇത് പരിഹരിക്കാനായി ഹരിയാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുയോജ്യമായ നടപടിയുണ്ടാകുമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."