മീസില്‍സ് റുബെല്ല; വാക്‌സിനേഷന്‍ നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരേ നടപടി
മലപ്പുറം: മീസില്‍സ് റുബല്ല വാക്‌സിനേഷന്‍ നല്‍കാന്‍ തയാറാകാത്ത രക്ഷിതാക്കള്‍, വ്യാജ പ്രചാരണംനടത്തുന്ന സംഘടനകള്‍, വ്യക്തികള്‍ എന്നിവയ്‌ക്കെതിരേ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി ശിക്ഷാനടപടികള്‍ സ്വീകരിക്കും. വാക്‌സിനേഷന്‍ നല്‍കാത്തത് കുട്ടികളുടെ അവകാശ ലംഘനമായി കണ്ട് ഇതിന് തയാറാകാത്ത രക്ഷിതാക്കളെ ശാസിക്കും.
അതിനുശേഷവും വിരുദ്ധനിലപാട് സ്വീകരിച്ചാല്‍ കേസെടുക്കുന്നതുള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലീഗല്‍ സര്‍വിസ് സൊസൈറ്റിയും ആരോഗ്യവകുപ്പും സംയക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ജനങ്ങള്‍ക്കുള്ളത്. സംശയങ്ങള്‍ ദുരീകരിച്ചതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡി.എം.ഒ കെ സക്കീന പറഞ്ഞു. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അനുകൂല പ്രതികരണമുണ്ടാക്കി. ഏതെങ്കിലും മതവിഭാഗം വാക്‌സിനേഷന് എതിരല്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിനിടയിലും തെറ്റിദ്ധാരണ പുലര്‍ത്തുന്നവരുണ്ട്.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇനിയും ആറ് ലക്ഷം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയില്ല. ആകെയുളള 12.41 ലക്ഷം കുട്ടികളില്‍ 64,1631 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 51.66 ശതമാനമാണിത്. വാക്‌സിനേഷന്റെ സമയപരിധി 18ന് തീരുമെങ്കിലും മലപ്പുറത്തെ പ്രത്യേകസാഹചര്യത്തില്‍ 30 വരെ നീട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യവകുപ്പ്. ഒന്‍പത് മാസം പൂര്‍ത്തിയായതും പത്താം ക്ലാസ് വരെയുമുളള എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതോടെ വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."