തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം ഹരിത കര്‍മസേനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംഘടന
തളിപ്പറമ്പ്: നഗരസഭയില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിര്‍മല്‍ ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടനയെ ചുമതലപ്പെടുത്തുന്നതിന് കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം.
വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യാവുന്നവ, അല്ലാത്തവ എന്നിങ്ങനെ വേര്‍തിരിക്കുകയും ആവശ്യമുളള കമ്പനികള്‍ക്ക് നല്‍കുകയുമാണ് ട്രസ്റ്റ് ചെയ്യുന്നത്. ഇതിന് യൂസര്‍ ഫീസ് ഈടാക്കും.
ആദ്യഘട്ടത്തില്‍ മാസത്തില്‍ നാലുതവണയാണ് മാലിന്യങ്ങള്‍ ശേഖരിക്കുക. കുടുബശ്രീ സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തും. വാട്ടര്‍ അതോറിറ്റിയും സ്വകാര്യ ടെലകോം കമ്പനികളും ഉപയോഗപ്പെടുത്തുന്ന നഗരസഭയുടെ സ്ഥലങ്ങള്‍ക്ക് വാടക ഈടാക്കുന്നതിനെകുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും.
തളിപ്പറമ്പ് നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികളിലേക്കുളള ഗുണഭോക്തൃ ലിസ്റ്റിലെ അപേക്ഷകളുടെ ഫയല്‍ നഷ്ടപ്പെട്ടു എന്ന് കൗണ്‍സിലര്‍ എം. ചന്ദ്രന്‍ യോഗത്തില്‍ ആക്ഷേപമുന്നയിച്ചതോടെ മറ്റ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വച്ചു.
നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടും നഗരസഭ ചെയര്‍മാന്‍ ഗൗരവം കാട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം.
അപേക്ഷകള്‍ നഷ്ടപ്പെട്ടെങ്കിലും വിവരങ്ങളെല്ലാം മിനുട്‌സിലുണ്ടെന്നും പുതിയ അപേക്ഷ ക്ഷണിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."