അറ്റകുറ്റപ്പണി നടത്തിയ ദേശീയപാത വീണ്ടും തകര്‍ന്നു
നീലേശ്വരം: അറ്റകുറ്റപ്പണി നടത്തിയ ദേശീയപാത പലേടത്തും വീണ്ടും പൊട്ടിപ്പൊളിഞ്ഞു. അപകടവളവായ നീലേശ്വരം ചീറ്റക്കാല്‍, കരുവാച്ചേരി എന്നിവിടങ്ങളില്‍ കുഴിയടച്ചെങ്കിലും ദിവസങ്ങള്‍ക്കകം തന്നെ ഈ ഭാഗങ്ങള്‍ പഴയപടിയായി. ടാറും കരിങ്കല്ലും വേര്‍പിരിഞ്ഞു റോഡില്‍ ഇളകിപ്പൊളിഞ്ഞു കിടക്കുകയാണ്. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണു കരുവാച്ചേരി, പള്ളിക്കര ചീറ്റക്കാല്‍ മേഖലയിലെ പാതാളക്കുഴികള്‍ അടച്ച് അറ്റകുറ്റപ്പണി നടത്തിയത്. ഗതാഗതക്കുരുക്കു പതിവായ പള്ളിക്കര ഗേറ്റിന് ഒപ്പം സമീപ സ്ഥലങ്ങളിലെ ആഴക്കുഴികളും കൂടി ഗതാഗതം തലവേദനയാക്കിയിരുന്നു.
ഇതേ സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ വീണ്ടുമെത്തിയിരിക്കുന്നത്. യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം അധികൃതര്‍ ചെവിക്കൊള്ളാത്തതിനെ തുടര്‍ന്നു നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഇവിടങ്ങളില്‍ മണ്ണിട്ടു കുഴി നികത്തിയിരുന്നു. ഇതിന്മേലാണ് അറ്റകുറ്റപ്പണി നടത്തിയത്.
കരുവാച്ചേരി വളവില്‍ നിരവധി വാഹനങ്ങള്‍ കുഴിയില്‍ തെന്നി മറിഞ്ഞ അനുഭവങ്ങളുണ്ട്. ഈ ഭാഗങ്ങളില്‍ തെരുവു വിളക്കുമില്ല. യാത്രാ ദുരിതത്തിനു പരിഹാരം തേടി ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്കുള്ള ആലോചനയിലാണു നാട്ടുകാര്‍. ഈ നീക്കത്തിനു വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."