ഇടതുകര കനാല്‍ കാടുകയറി നശിക്കുന്നു
തിരുവനന്തപുരം: നെയ്യാര്‍ ഇടതുകര കനാലിന്റെ ഇരുകരയും പാഴ്‌ച്ചെടികള്‍ വളര്‍ന്ന് ഇഴജന്തുക്കളുടെ താവളമായി മാറുന്നതായി പരാതി.
നെയ്യാര്‍ ജലസേചന പദ്ധതിയുടെ കീഴില്‍ വരുന്ന ഇടതുകര കനാലിനാണ് ഈ ദുര്‍ഗതി. ഇടതൂര്‍ന്നു വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന പാഴ്‌ച്ചെടികള്‍ നീരൊഴുക്ക് തടസപ്പെടാന്‍ ഇടയാക്കുന്നു. ചെളിയും മണ്ണും അടിഞ്ഞ് പലസ്ഥലത്തും നീരൊഴുക്ക് തടസപ്പെടുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. കന്നുകാലികളെ കുളിപ്പിക്കുന്നതിന് കനാലിന്റെ പലഭാഗത്തും നിര്‍മിച്ചിട്ടുള്ള കുളിക്കടവുകളിലെ കോണ്‍ക്രീറ്റുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന മരാമത്ത് പണി പുനരാരംഭിക്കണമെന്നും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലിന്റെ ഇരുകരയിലെയും പാഴ്‌ച്ചെടികള്‍ വെട്ടിമാറ്റി ചളിയും മണ്ണും നീക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) പാറശ്ശാല മണ്ഡലം സെക്രട്ടറി കാനക്കോട് ബാലരാജ് ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."