ശംഖുമുഖത്തേക്ക് വരൂ; രോഗങ്ങളുമായി മടങ്ങാം
വലിയതുറ: ശംഖുമുഖം കടല്‍ത്തീരത്തുള്ള കുഴല്‍ കിണര്‍ സന്ദര്‍ശകര്‍ക്ക് ഭീക്ഷണിയാകുന്നു. കിണറിന് മൂടിയില്ലാത്തതിനാല്‍ പാര്‍ക്കില്‍ ഓടിക്കളിക്കുന്ന കൊച്ചുകുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍പെടാമെന്ന അവസ്ഥയിലാണ്. കൂടാതെ തീരത്തുള്ള തട്ടുകടകളിലേക്ക് വര്‍ഷങ്ങളായി ഈ തുറന്നുകിടക്കുന്ന കിണറില്‍ നിന്നാണ് വെള്ളമെടുക്കുന്നത്.
ഈ കിണറിന് സമീപമാണ് ബീച്ച് സവാരിക്കായി ഉപയോഗിക്കുന്ന കുതിരകളെ കെട്ടുന്നത്. മഴപെയുന്നതോടു കൂടി ഇവയുടെ വിസര്‍ജ്യം ഒഴുകി ഈ കുഴല്‍ കിണറില്‍ പതിക്കുന്നു. ഈ മലിന ജലത്തിലാണ് ഉന്തുവണ്ടികളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ വൃത്തിയാക്കുന്നതും മറ്റും. ഇത്തരത്തിലുള്ള ആഹാരം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത് സ്ഥിരം സംഭവമാണ്.
കച്ചവടക്കാര്‍ കിണറില്‍ നിന്ന് വെള്ളം കോരുന്നതിനായുള്ള ബക്കറ്റ് സൂക്ഷിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പൊതു ശൗചാലയത്തിന്റെ പുറകിലാണ്.
ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഈ ഭാഗത്ത് ശാസ്ത്രീയമായ അന്വേഷണം നടത്തി വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആഹാരപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കടല്‍ത്തീരത്ത് എത്തുന്നവര്‍ക്ക് മാരകമായ അസുഖങ്ങള്‍ പിടിപെടുമെന്നതില്‍ സംശയം വേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."