ലോക്കല്‍ സെക്രട്ടറി എസ്.ഐയെ മര്‍ദിച്ചതായി പരാതി
എടവണ്ണ: സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്.ഐയെ മര്‍ദിച്ചതായി പരാതി. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് എടവണ്ണ സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച വൈകിട്ട് എടവണ്ണയില്‍ വച്ച് ലൈസന്‍സ് ഇല്ലാതെ ബൈക്കോടിച്ചതിന് ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സി.പി. എം ബ്രാഞ്ച് സെക്രട്ടറി പൊതിയില്‍ ബിജേഷ് (26) ന്റെ പേരില്‍ എടവണ്ണ പൊലിസ് പെറ്റികേസ് ചാര്‍ജ് ചെയ്തിരുന്നു. ഇതിനെ ചോദ്യംചെയ്യാന്‍ സ്റ്റേഷനിലെത്തിയ സി.പി.എം നേതാക്കള്‍ എടവണ്ണ എസ്.ഐ കെ.എം.സന്തോഷ് കുമാറി (40) നെ അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്.
എസ്.ഐ സന്തോഷ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ എടവണ്ണ സി.പി.എം ലോക്കല്‍ സെക്രട്ടറി എം.ജാഫര്‍, അഡ്വ. പി സാജിദ് ബാബു തുടങ്ങി കണ്ടാലറിയാവുന്ന 25ഓളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുന്‍പും ലോക്കല്‍ സെക്രട്ടറി എസ്.ഐക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയിരുന്നതായും പൊലിസ് പറഞ്ഞു. എന്നാല്‍ എസ്.ഐക്കെതിരേ മലപ്പുറം പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയതിന് ലോക്കല്‍ സെക്രട്ടറിയെയും മറ്റും പൊലിസ് മര്‍ദിക്കുകയായിരുന്നെന്നും ഇവര്‍ എടവണ്ണ സി.എച്ച്.സി യില്‍ ചികില്‍സയിലാണന്നും സി.പി.എം ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."