ആകാശവാണിയില്‍ പ്രതിഫലം മുടങ്ങിയിട്ട് വര്‍ഷം ഒന്ന്: ശബ്ദ പരിശോധനയുടെ പേരില്‍ ഈടാക്കുന്നത് ലക്ഷങ്ങള്‍
തലശ്ശേരി: രാജ്യത്തെ ആകാശവാണി നിലയങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാരുടെ പ്രതിഫലം മുടങ്ങിയിട്ട് ഒരു വര്‍ഷം. പ്രസാര്‍ഭാരതിക്ക് കീഴില്‍ വിവിധ ജില്ലകളിലെ ആകാശവാണി നിലയങ്ങളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്ന ലക്ഷക്കണക്കിനു കലാകാരന്‍മാര്‍ക്കാണ് പ്രതിഫലം മുടങ്ങിയത്.
പരിപാടി അവതരിപ്പിച്ചു കഴിഞ്ഞാല്‍ 2016 ഒക്ടോബര്‍ വരെ ആകാശവാണി നിലയങ്ങളില്‍ നിന്ന് അപ്പോള്‍ തന്നെ സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ മാറാവുന്ന ചെക്കുകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ചെക്ക് നല്‍കുന്ന പരിപാടി പൂര്‍ണമായും നിര്‍ത്തലാക്കുകയും പകരം പരിപാടി അവതരിപ്പിക്കുന്നതിനു മുന്‍പ് ആധാര്‍നമ്പറും എസ്.ബി.ഐയുടെ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും നല്‍കാനാണ് നിര്‍ദേശിച്ചത്.
പ്രതിഫലം അക്കൗണ്ടില്‍ എത്തുമെന്നും ആകാശവാണി അധികൃതര്‍ കലാകാരന്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നയാപൈസ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു. ഡല്‍ഹിയിലെ ഡയറക്ടറേറ്റ് നടപ്പാക്കിയ പരിഷ്‌കാരമാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വിനയായത്.
ശബ്ദപരിശോധനയുടെ പേരില്‍ കലാകാരന്‍മാരില്‍ നിന്ന് ലക്ഷങ്ങളാണ് വരുമാനം ലഭിക്കുന്നത്. ശബ്ദപരിശോധനക്ക് 1000 മുതല്‍ 5000 രൂപ വരെയാണ് കലാകാരന്‍മാരില്‍നിന്ന് ആകാശവാണി ഈടാക്കുന്നത്. പരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മരെ മൂന്ന് ഗ്രേഡ് ആയി തിരിച്ചിട്ടുണ്ട്.
എ ഗ്രേഡ് ലഭിക്കുന്നതോടെ ടോപ് ആര്‍ട്ടിസ്റ്റാകും. ഇവര്‍ക്ക് അഞ്ചുവര്‍ഷം പരിപാടി അവതരിപ്പിക്കാമായിരുന്നു. എന്നാല്‍ ഇവര്‍ മൂന്നുതവണ ശബ്ദപരിശോധന നടത്തണമെന്നാണ് പുതിയ നിര്‍ദേശം.
ആദ്യതവണ 1000, രണ്ടാംതവണ 2000, മൂന്നാംതവണ 5000 എന്നിങ്ങനെ ഫീസ് വര്‍ധിപ്പിച്ചു.
5000 രൂപ അടച്ച് മൂന്നാം ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടാല്‍ തുക തിരിച്ചു ലഭിക്കുകയുമില്ല. മുന്‍പ് 300 രൂപ ഈടാക്കിയ ഫൈനല്‍ പരിശോനക്കാണ് ഇപ്പോള്‍ 5000 രൂപ വാങ്ങുന്നത്.
രാജ്യത്ത് മുഴുവന്‍ നിലയങ്ങളിലുമായി ഈ ഇനത്തില്‍ മാത്രം കോടികളുടെ വരുമാനം പ്രസാര്‍ഭാരതിക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും കലാകാരന്‍മാര്‍ക്കുള്ള തുഛമായ വേതനം പോലും തടഞ്ഞുവയ്ക്കുകയാണ്. വിവിധ നിലയങ്ങളില്‍ 40 വര്‍ഷത്തിലേറെയായി പരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."