കേരളത്തിലേക്ക് ഐ.ടി ഭീമന്മാരെ കൊണ്ടുവരാന്‍ പൊടിക്കുന്നത് 15 കോടി
തിരുവനന്തപുരം: ഐ.ടി ഭീമന്മാരെ ഇറക്കി കേരളത്തെ ഐ.ടി ഹബ്ബാക്കാന്‍ സര്‍ക്കാര്‍. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഐ.ടി കമ്പനികളെ കൊണ്ടുവരാന്‍ 15 കോടി മുടക്കി രണ്ടുദിവസത്തെ ഗ്‌ളോബല്‍ ഇവന്റ് സംഘടിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി വന്‍തുക മുടക്കി വിദേശമാധ്യമങ്ങളില്‍ പരസ്യം നല്‍കും. ഇവന്റില്‍ പങ്കെടുക്കുന്നവരുടെ ഭാരിച്ച ചെലവടക്കം വഹിക്കുന്നതും സര്‍ക്കാര്‍ തന്നെ. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി.
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാഥെല്ല, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ എന്നിവരടക്കമുള്ള പ്രമുഖര്‍ ഗ്‌ളോബല്‍ ഇവന്റില്‍ പങ്കെടുക്കും. മോട്ടറോള സി.ടി.ഒ പത്മശ്രീ വാര്യര്‍, ഒറാക്കിള്‍ പ്രസിഡന്റ് തോമസ് കുര്യന്‍, ടെസ്‌ല സി.ഇ.ഒ എലന്‍ മുസ്‌ക് എന്നിവരെയും ഇവന്റില്‍ പങ്കെടുപ്പിക്കും. ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി ഷിബുലാല്‍ എന്നിവരടങ്ങിയ സര്‍ക്കാരിന്റെ ഐ.ടി ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഗ്‌ളോബല്‍ ഇവന്റ് സംഘടിപ്പിക്കുന്നത്.
അടുത്തമാര്‍ച്ച് 22, 23 തിയതികളില്‍ കൊച്ചിയിലെ ലെമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഐ.ടി മേഖലയിലെ രണ്ടായിരത്തോളം പ്രൊഫഷണലുകളാണ് ഇവന്റില്‍ പങ്കെടുക്കുന്നത്. ക്ഷണിക്കേണ്ടവരുടെ പട്ടിക തയാറാക്കാന്‍ ഐ.ടി ഹൈപവര്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ടെക്‌നോപാര്‍ക്ക്, ടെക്‌നോസിറ്റി എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കി ഐ.ടി അധിഷ്ഠിത വ്യവസായം പുഷ്ടിപ്പെടുത്തുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."