ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി; മലക്കം മറിഞ്ഞ് സി.പി.ഐ
തൊടുപുഴ: ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉടുമ്പന്‍ചോലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി കൈയേറ്റക്കാരനല്ല. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി പുന:പരിശോധിക്കാവുന്നതാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ജോയ്‌സ് ജോര്‍ജ് എം.പിക്കുണ്ടെന്നും റവന്യൂമന്ത്രി പറഞ്ഞു.
കൊട്ടാക്കമ്പൂര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സി.പി.ഐക്കെതിരേ സി.പി.എം പടയൊരുക്കം തുടങ്ങിയ ദിവസം തന്നെയാണ് റവന്യൂമന്ത്രിയുടെ നിലപാടുമാറ്റം എന്നതു ശ്രദ്ധേയമാണ്. ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടുപേര്‍ക്ക് പട്ടയം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതിക്കാര്‍ക്ക് വിതരണംചെയ്ത ഭൂമിയാണു എം.പിയും കുടുംബാംഗങ്ങളും തട്ടിയെടുത്തത്. തട്ടിപ്പിനു തുടക്കം കുറിച്ചത് ജോയ്‌സ് ജോര്‍ജിന്റെ പിതാവ് പാലിയത്ത് ജോര്‍ജാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോര്‍ജ് 2013ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു. ജോയ്‌സ് ജോര്‍ജിന്റേത് കൈയേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.ഐയെ ഒഴിവാക്കി മൂന്നാര്‍ സംരക്ഷണസമിതി ഇന്നലെ രൂപീകരിച്ചു. സി.പി.ഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായി 10 പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താല്‍ ആര്‍ക്കു വേണമെങ്കിലും നടത്താമെന്നായിരുന്നു മന്ത്രി ചന്ദ്രശേഖരന്റെ പ്രതികരണം. ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദ് ചെയ്ത അന്നുതന്നെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ നടപടി സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."