മല്യയുടെ കമ്പനി അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തു മുങ്ങിയ വിവാദ മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ (യു.ബി.എച്ച്.എല്‍) എല്ലാ ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാന്‍ ഓഹരി- ധനകാര്യ വിപണി നിയന്ത്രണ ഏജന്‍സിയായ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ നിര്‍ദേശം.
2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപയുടെ പിഴയൊടുക്കുന്നതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് കമ്പനിയില്‍നിന്ന് പലിശസഹിതം ഈടാക്കാനുള്ള നിര്‍ദേശം. കമ്പനിയുടെ ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുത്ത് കമ്പനി കുടിശ്ശിക വരുത്തിയ പിഴത്തുകയായ 18.5 ലക്ഷം രൂപയാണ് ഈടാക്കുക. 15 ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷത്തെ പലിശയായി 3.5 ലക്ഷം രൂപയും റിക്കവറി ചാര്‍ജ് എന്ന നിലയില്‍ 1000 രൂപയുമാണ് പിടിച്ചെടുക്കുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കമ്പനി അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് തടയാന്‍ ബാങ്കുകള്‍ക്കും മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു നിര്‍ദേശവും സെബി നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനു തടസമില്ല. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ദേശം സെബി പുറപ്പെടുവിച്ചത്.
വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായ മല്യയോട് അടുത്തമാസം 18ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി പാട്യാല കോടതി ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു. അന്ന് മല്യ ഹാജരായില്ലെങ്കില്‍ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നീക്കംനടത്തിവരുന്നതിനിടെയാണ് മല്യക്കു മറ്റൊരു തിരിച്ചടിയായി സെബിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."