അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി: രേഖ സമര്‍പ്പിക്കാന്‍ ഛത്തിസ്ഗഡ് സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ അസല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ഛത്തിസ്ഗഡ് സര്‍ക്കാരിന് സുപ്രിം കോടതിയുടെ നിര്‍ദേശം. ഹെലികോപ്ടര്‍ വാങ്ങിയതിന്റെ രേഖകള്‍ ഒരാഴ്ചക്കകം കോടതിയില്‍ ഹാജരാക്കണമെന്നാണ് ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്.
സ്വരാജ് അഭിയാന്‍ നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹെലികോപ്ടര്‍ ഇടപാടില്‍ 30 ശതമാനം കൈക്കൂലി നല്‍കിയെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മകന്‍ അഭിഷേക് സിങ്ങും വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും 63 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഹെലികോപ്ടര്‍ ഇടപാട് നടന്ന് ആറു മാസത്തിന് ശേഷം ഇതിനായി അദ്ദേഹം കടലാസ് കമ്പനി രൂപീകരിച്ചുവെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.
ഇതു സംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. 2007ല്‍ നടന്ന ഇടപാടായതിനാല്‍ ഈ പൊതുതാല്‍പര്യ ഹരജി പരിഗണിക്കാന്‍ ആദ്യം ബെഞ്ച് വിസമ്മതിച്ചെങ്കിലും താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യത്തെ നിസാരമായി കാണാനാകില്ലെന്ന് ഭൂഷണ്‍ വാദിച്ചു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രതികരണം തേടി നവംബറില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.ഇന്ത്യക്ക് 12 ഹെലികോപ്ടറുകള്‍ വില്‍ക്കുന്നതിന് ഇറ്റാലിയന്‍ കമ്പനി ഇന്ത്യക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്. 3,600 കോടി രൂപയുടേതാണ് ഇടപാട്. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വി.ഐ.പികള്‍ക്ക് യാത്ര ചെയ്യാനാണ് ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഗൈഡോ റാല്‍ഫ് ഹാസ്‌ചെകെ എന്ന കണ്‍സള്‍ട്ടന്‍സി മുഖേനയാണ് കൈക്കൂലി ഇടപാട് നടന്നത്. ഈ തുക ഇന്ത്യയില്‍ എത്തിയോ എന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണമാണ് സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും നടത്തുന്നത്. വിവാദമായതോടെ അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇടപാട് റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."