ബ്രക്‌സിറ്റിലെ റഷ്യന്‍ ഇടപെടല്‍: അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പിമാര്‍
ലണ്ടന്‍: ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി റഷ്യന്‍ ഇടപെടലുണ്ടായെന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടിഷ് എം.പിമാര്‍. വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ട്വിറ്റര്‍ വഴിയും ട്രോള്‍ നിര്‍മിച്ചും ബ്രക്‌സിറ്റില്‍ റഷ്യ ഇടപെട്ടോയെന്നു കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് എം.പിമാര്‍ പാര്‍ലമെന്റ് പൊതുസഭയില്‍ ആവശ്യപ്പെട്ടു.
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ റഷ്യയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയോയെന്നു കണ്ടെത്താന്‍ അന്വേഷണം വേണമെന്നു ലേബര്‍ പാര്‍ട്ടി എം.പി മാരി ക്രാഗ് പ്രധാനമന്ത്രി തെരേസാ മേയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് കീഴിലുള്ള രഹസ്യാന്വേഷണ, സുരക്ഷാ കമ്മിറ്റികള്‍ ഉടന്‍ അന്വേഷണം നടത്തണമെന്നു മാരി ക്രാഗ് പറഞ്ഞു. പൊതുസഭയിലെ ചോദ്യോത്തരവേളയിലാണ് മാരി ക്രാഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യന്‍ ഇടപെടലിലെ അന്വേഷണം പുതിയ പാര്‍ലമെന്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ പ്രധാന അജന്‍ഡയാകുമെന്നു തെരേസ മേ മറുപടി പറഞ്ഞു. പുതിയ കമ്മിറ്റി അടുത്തയാഴ്ചയാണ് നിലവില്‍വരിക.
തെരഞ്ഞെടുപ്പിലെ ഇടപെടല്‍ സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുട്ടിനെതിരേ കഴിഞ്ഞ ദിവസം തെരേസാ മേ ശക്തമായി പ്രതികരിച്ചത് എം.പിമാരുടെ സമ്മര്‍ദത്താലായിരുന്നു. വിവരങ്ങളെ ആയുധമായി റഷ്യ ഉപയോഗിക്കുകയാണെന്നും വ്യാജ വാര്‍ത്തകളും കൃത്രിമ ചിത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും തെരേസാ മേ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
150,000 അക്കൗണ്ടുകള്‍ നിര്‍മിച്ച് ബ്രക്‌സിറ്റില്‍ ഇടപെടാന്‍ റഷ്യയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്ന് കാലിഫോര്‍ണിയ, സ്വാന്‍സിയ യൂനിവേഴ്‌സിറ്റികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."