മ്യാന്മര് സൈന്യം റോഹിംഗ്യകളെ വ്യാപകമായി പീഡിപ്പിച്ചു: ഹ്യൂമന്‍ റൈറ്റ്സ് വാച്ച്
ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ സ്ത്രീകളെയും കുട്ടികളെയും മ്യാന്മര് സൈന്യം വ്യാപകമായി പീഡിപ്പിച്ചുവെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റാഖൈന്‍ പ്രദേശങ്ങളില്‍ നടത്തിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപുകളില്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് പീഡനത്തിനിരയാവരെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടെത്തിയത്. സൈനിക കാംപയിന് എന്ന പേരില്‍ റാഖൈന്‍ പ്രദേശങ്ങളിലെ നിരവധി സ്ത്രീകളെ സൈന്യം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് തയാറാക്കിയ സ്കൈ വീലര്‍ പറഞ്ഞു.
ക്രൂരമായ അക്രമത്താല്‍ ശാരീരികമായി മുറിവേറ്റ നിരവധി പേരാണ് റാഖൈന്‍ പ്രദേശങ്ങളിലുണ്ടായത്. ലൈംഗിക പീഡനത്തിനിരയായ 29 പേരെ അഭിമുഖം നടത്തി. തങ്ങളുടെ മുന്പില്വച്ച് മക്കളെ പീഡിപ്പിച്ചുവെന്നും കൊലപ്പെടുത്തിയെന്നും നിരവധി രക്ഷിതാക്കള്‍ പറഞ്ഞതായി സ്കൈ വീലര്‍ പറഞ്ഞു.എന്നാല്‍ റാഖൈന്‍ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് മ്യാന്മര് സൈന്യത്തിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നിഷേധിച്ചിരുന്നു.
മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സൈന്യത്തിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഓഗസ്റ്റില്‍ ആരംഭിച്ച റോഹിംഗ്യകള്ക്കതിരേയുള്ള മ്യാന്മര് സൈന്യത്തിന്റെയും ബുദ്ധ സന്യാസികളുടെയും ആക്രമണത്തില്‍ ഇതുവരെ 600, 000 പേര് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."