ജനയുഗത്തിന് മറുപടിയുമായി ദേശാഭിമാനി
കോഴിക്കോട്: തോമസ് ചാണ്ടി വിഷയത്തില്‍ കൊമ്പുകോര്‍ക്കുന്ന സി.പി.ഐ-സി.പി.എം വാഗ്വാദങ്ങള്‍ തുടരുന്നു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം രംഗത്തെത്തിയിരുന്നു. മുഖപ്രസംഗം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചായിരുന്നു സി.പി.ഐയുടെ വിമര്‍ശനം. എന്നാല്‍ ഇന്നത്തെ ദേശാഭിമാനിയിലൂടെ അതിന് മറുപടി നല്‍കിയിരിക്കുകയാണ് സി.പി.എം.
'ഇത് അസാധാരണ നടപടി' എന്ന തലക്കെട്ടിലാണ് സി.പി.എം മുഖപത്രം സി.പി.ഐയ്ക്ക് മറുപടി നല്‍കിയത്. ജനയുഗത്തിലെ മുഖപ്രസംഗം അസാധാരണ നടപടിയാണെന്നും എല്‍.ഡി.എഫിന് നിരക്കുന്ന നടപടിയല്ല സി.പി.ഐ സ്വീകരിച്ചതെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ മുന്നണി വഴിയാണ് അക്കാര്യം കൈകാര്യം ചെയ്യേണ്ടതെന്നും അല്ലാതെ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നത്.
ദേശാഭിമാനി എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:
ഇത് അസാധാരണ നടപടി തന്നെ
നവംബര്‍ 15ന്റെ മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി ന്യായീകരിച്ചുള്ള ജനയുഗം മുഖപ്രസംഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ചീഫ് എഡിറ്റര്‍ എന്നനിലയില്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടിയാണ്. മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ അടിസ്ഥാനമാക്കിയാണ് മുഖപ്രസംഗം. അസാധാരണമായ സാഹചര്യം ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടി സ്വീകരിച്ചത് എന്നുപറഞ്ഞ് നടപടിയെ ന്യായീകരിക്കുകയാണ് ഇവിടെ. സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ടതാണ് എല്‍ഡിഎഫ് മന്ത്രിസഭ. മന്ത്രിസഭയില്‍ ഇല്ലാത്ത ആര്‍എസ്പി ലെനിനിസ്റ്റ്, സിഎംപി, കേരള കോണ്‍ഗ്രസ് ബി എന്നിവരുടെ എംഎല്‍എമാരും പിന്തുണയ്ക്കുന്ന സര്‍ക്കാരാണിത്. മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍ഡിഎഫിന്റേത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോചെയ്യുന്ന സമീപനമാണ് എല്ലായ്‌പോഴും കൈക്കൊണ്ടിട്ടുള്ളത്. ഒരു മുന്നണി എന്നനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല. അത് മുന്നണിമര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികള്‍തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയും മുന്നണിക്കകത്തുനിന്നുള്ള ചര്‍ച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. ഓരോസന്ദര്‍ഭത്തിലും ഉയര്‍ന്നുവരുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെ സമചിത്തതയോടെ കൈകാര്യംചെയ്താണ് 1980മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുപക്ഷമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ.
യുഡിഎഫ് ഭരണകാലത്തെ അഴിമതി, കെടുകാര്യസ്ഥത, അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അക്കമിട്ട് നിരത്തുന്ന സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യുഡിഎഫിനെ പ്രതിരോധിക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ കുറച്ചുദിവസമായി നടത്തുന്ന ശ്രമത്തിനൊപ്പമാണ് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നത്. അതിനാലാണ് ഈ പ്രശ്‌നങ്ങളിലെ നിയമവിഷയങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി നിയമ ലംഘനം നടത്തി എന്ന ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ നിയമപരമായ പരിശോധനയ്ക്ക്് സര്‍ക്കാര്‍ സന്നദ്ധമായി. തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്ത് നടത്തിയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചല്ല ആക്ഷേപം ഉയര്‍ന്നുവന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഒരു പരിശോധനകൂടാതെ ഗവണ്‍മെന്റിന് ഒരു തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. ആരോപണങ്ങളെല്ലാം മന്ത്രി ശക്തമായി നിഷേധിക്കുകകൂടി ചെയ്തതോടെ സ്വാഭാവികനീതി ഒരു മന്ത്രിക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയായിരിക്കില്ല. എന്നാല്‍, തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. കുറ്റംചെയ്ത ഒരാള്‍ക്കും എല്‍ഡിഎഫ് സംരക്ഷണം നല്‍കുകയില്ല. ഈ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന്റെ ഏറ്റവുംവലിയ കരുത്ത്.
ഇതിനുമുമ്പ് ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ പ്രശ്‌നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അതിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയാണുണ്ടായത്. കലക്ടറുടെ റിപ്പോര്‍ട്ടിനകത്ത് മുന്‍ കലക്ടര്‍ സ്വീകരിച്ച നിലപാടുകളില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങളാണുണ്ടായിരുന്നത്. മുന്‍ കലക്ടറുടെ 12112014ലെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്ന മൂന്ന് നിലംനികത്തലുകളില്‍ രണ്ടാമത്തേതിനെക്കുറിച്ചുള്ള നിഗമനങ്ങളും അതിനെക്കുറിച്ച് നിലവിലുള്ള കലക്ടറുടെ 201017ലെ നിഗമനങ്ങളും പരസ്പരവിരുദ്ധങ്ങളാണ്. നിലംനികത്തല്‍ കൈകാര്യംചെയ്യുന്നതിനുള്ള ഒരു കലക്ടറുടെ അധികാരങ്ങള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ 9 (7), 13, 18, 19, 20 എന്നീ വകുപ്പുകള്‍പ്രകാരം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. 12112014ലെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന മൂന്ന് നിലം നികത്തലുകളില്‍ രണ്ടാമത്തേതിനെക്കുറിച്ച് നിയമത്തിലെ 13ാം വകുപ്പ് പ്രകാരമുള്ള (നികത്തപ്പെട്ട നിലം പൂര്‍വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് നല്‍കാന്‍ കലക്ടര്‍ക്ക് അധികാരംനല്‍കുന്ന) നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു മുന്‍ കലക്ടറുടെ നിഗമനം. അവിടെയുള്ള കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായിരുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ കലക്ടര്‍ അത്തരത്തിലുള്ള നിഗമനത്തിലെത്തിയത്. ഈ നിയമപ്രകാരം ഒരു കലക്ടര്‍ക്ക് പുനഃപരിശോധനാ അധികാരം ഇല്ല. നിയമപ്രകരം നല്‍കിയാലല്ലാതെ ഒരു അധികാരിക്ക് പുനഃപരിശോധനാ അധികാരം പ്രയോഗിക്കാനാകില്ല. ഉത്തരവിറക്കിയ കലക്ടര്‍ക്കോ തുടര്‍ന്നുവരുന്ന കലക്ടര്‍ക്കോ പ്രസ്തുത നിയപ്രകാരമുള്ള നടപടികള്‍ പുനഃപരിശോധിക്കാനാകില്ല. അതിനാല്‍ 12112014ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന മൂന്ന്് നികത്തലുകളില്‍ രണ്ടാമത്തേതിനെതിരെ നിയമത്തിലെ 13ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നുള്ള അന്നത്തെ കലക്ടറുടെ നിഗമനത്തില്‍നിന്ന് വ്യത്യസ്തമായിട്ടുള്ള ഇപ്പോഴത്തെ കലക്ടറുടെ 201017ലെ നിഗമനങ്ങള്‍ നിയമപ്രകാരം നിലനില്‍ക്കത്തക്കതല്ല എന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച പരിശോധനകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഏര്‍പ്പെട്ടത്.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബര്‍ 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതിനിടയിലാണ് ഹൈക്കോടതിയില്‍നിന്ന് ചില പരാമര്‍ശങ്ങള്‍ ഉണ്ടായത്. തോമസ് ചാണ്ടി സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍സിപി നേതൃത്വത്തിനും മന്ത്രിയ്ക്കും നവംബര്‍ 15ന് രാവിലെ മന്ത്രിസഭായോഗത്തിനുമുമ്പ് തന്നെ വന്നുകാണാന്‍ നിര്‍ദേശംനല്‍കി. സ്ഥിതിഗതികളുടെ ഗൌരവം എന്‍സിപി നേതൃത്വത്തെയും മന്ത്രിയെയും മുഖ്യമന്ത്രി ധരിപ്പിച്ചപ്പോള്‍ അഖിലേന്ത്യാ പാര്‍ടി എന്ന നിലയില്‍ എന്‍സിപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് 10.30ന് ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിയും എന്‍സിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത.് എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നല്‍കുകയാണ് തോമസ് ചാണ്ടി ചെയ്തത്. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരുന്നെങ്കില്‍ ഒമ്പതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത.്
മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍ഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല.
http://suprabhaatham.com/keralam-16-11-17-janayugom-editorial/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."