കണ്ടങ്കാളിയിലെ എണ്ണ സംഭരണശാല: സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ഭരണകക്ഷി എം.എല്‍.എ
പയ്യന്നൂര്‍: കണ്ടങ്കാളിയിലെ നിര്‍ദിഷ്ട എണ്ണ സംഭരണശാലയ്‌ക്കെതിരേ സി.ഐ.ടി.യു നേതാവും ഭരണകക്ഷി എം.എല്‍.എയുമായ സി. കൃഷ്ണന്‍ രംഗത്ത്. പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരേയാണ് പയ്യന്നൂര്‍ എം.എല്‍.എ പ്രതിഷേധവുമായി എത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, എണ്ണ കമ്പനി പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം കലക്ടര്‍ വിളിച്ചുചേര്‍ത്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെട്ട ഭൂമി ഒഴിവാക്കി സി.ആര്‍.സെഡ് നിയമങ്ങള്‍ പാലിച്ച് പുഴക്കരയില്‍നിന്നും കണ്ടല്‍ക്കാടുകളില്‍ നിന്നും നിശ്ചിത ദൂരം പാലിച്ച് 30 ശതമാനം ഭൂമി ഗ്രീന്‍ ബെല്‍റ്റായി പരിരക്ഷിച്ച് മാത്രമെ നിര്‍മാണ പ്രവര്‍ത്തനം നടത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
കൂടാതെ പാരിസ്ഥിതിക ആഘാത പഠനത്തിനായി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പഠനവും പബ്ലിക്ക് ഹിയറിങും ഈമാസം പൂര്‍ത്തിയാക്കുമെന്നും അതിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകുകയുള്ളൂവെന്നും യോഗത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗ തീരുമാനത്തിന് വിരുദ്ധമായ നീക്കങ്ങളാണ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. അതിനാല്‍ നാട്ടുകാരെ വിശ്വാസത്തിലെടുക്കാത്ത ഒരു നടപടിയും അംഗീകാരിക്കാന്‍ കഴിയില്ലെന്നും സി. കൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് കണ്ടങ്കാളിയിലെ നിര്‍ദിഷ്ട എണ്ണ സംഭരണശാലയ്ക്കായി കലക്ടര്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചത്.
ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന എണ്ണ സംഭരണശാലയ്‌ക്കെതിരേ ഈ മേഖലയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."