നിലനില്‍പ്പില്‍ പരുങ്ങി ഓസോണ്‍; പിവിസി പൈപ്പുകള്‍ പാളിക്ക് ഭീഷണിയാകുന്നു
ഭൗമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഒസോണ്‍ (O3) വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍. ആപേക്ഷികമായി ഉയര്‍ന്നതെന്ന് പറയുമ്പോള്‍ ഇതിന്റെ അളവ് വളരെ കൂടുതലാണെന്ന് കരുതേണ്ട. ഭൂമിയുടെ അന്തരീക്ഷത്തിലെ മറ്റ് വാതകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കേവലം 0.6 പി.പി.എം (Parts Per Million) മാത്രമാണ്. അന്തരീക്ഷത്തിന്റെ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ മുകളിലായാണ് സ്ട്രാറ്റോസ്ഫിയര്‍ ആരംഭിക്കുന്നത്. 50 കിലോ മീറ്റര്‍ ഉയരം വരെ അന്തരീക്ഷത്തില്‍ ഓസോണ്‍ സാന്നിധ്യം ഉണ്ടാകും. എന്നാല്‍ ഈ കണക്ക് അത്ര കൃത്യമല്ല. ഭൂമിയുടെ ചലനവും കാലിക വ്യതിയാനങ്ങളും ഓസോണ്‍ പാളിയെന്ന പുതപ്പിന്റെ കട്ടി വ്യത്യാസപ്പെടുത്താറുണ്ട്.
ഓസോണ്‍ പാളിയുടെ നാശം വലിയ ആശങ്ക സൃഷ്ടിക്കുന്ന നാളുകള്‍ വീണ്ടും കടന്നുവരുകയാണ്. ഓസോണ്‍ പാളി വലിയ ആശങ്ക സൃഷ്ടിച്ചപ്പോള്‍ ലോകരാജ്യങ്ങള്‍ ഒത്ത് ചേര്‍ന്ന് മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ തയ്യാറാക്കി. അതു കൃത്യമായി നടപ്പായതോടെ ഓസോണ്‍ പാളിയുടെ വിനാശം തടയിടാന്‍ സാധിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യാന്തര കരാറായാണ് മോണ്‍ട്രിയല്‍ പ്രോട്ടോകോളിനെ വിലയിരുത്തുന്നത്.
എന്നാല്‍ ഓസോണ്‍ പാളിക്ക് പുതിയ ഭീഷണി ഉയര്‍ന്നുവരുന്നുവെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ കണ്ടെത്തല്‍. സൂര്യനില്‍ നിന്നു മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലെത്തുന്നത് തടയുകയാണ് ഓസോണ്‍ പാളിയുടെ പ്രധാന ധര്‍മ്മം. ഓസോണ്‍ പാളികളെ ബാധിക്കുന്ന പുതിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലേക്കെത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇവ മോണ്‍ട്രിയല്‍ പ്രോട്ടോകോളിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ടു തന്നെ ഇവയുടെ ബഹിര്‍ഗമനം നിയന്ത്രിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. ഡൈക്ലോറോ മീഥൈന്‍ എന്ന വാതകമാണ് ഓസോണ്‍ പാളിയുടെ ഏറ്റവും പുതിയ ശത്രു. ഡൈക്ലോറോ മീഥൈനിന്റെ ബഹിര്‍ഗമനം തടയാന്‍ നിലവിലുള്ള രാജ്യാന്തര കരാറുകള്‍ പര്യാപ്തമല്ല.
പി.വി.സി എന്ന പ്ലാസ്റ്റിക്ക് പോളിമര്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് ഡൈക്ലോേറാ മീഥൈന്‍ എന്ന വാതകം ഉണ്ടാകുന്നത്. ഇന്നിത് ലോകത്തില്‍ ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്നത് ചൈനയിലാണ്. ഭൂമിയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഡൈക്ലോറോ മീഥൈനിന്റെ അന്‍പതു ശതമാനത്തോളവും പുറന്തള്ളുന്നത് ചൈനയില്‍ നിന്നാണ്. മോണ്‍ട്രിയല്‍ കരാര്‍ സമയത്തേക്കാള്‍ അറുപത് മടങ്ങ് അധികമാണ് ഇപ്പോഴത്തെ ഡൈക്ലോറോ മീഥൈനിന്റെ ഉല്‍പാദനം. മോണ്‍ട്രിയല്‍ കരാറിന്റെ സമയത്ത് ഡൈക്ലോറോ മീഥൈനെ ഓസോണിന് ക്ഷയമുണ്ടാക്കുന്ന വാതകമായി കണക്കാക്കിയിരുന്നില്ല. പി.വി.സി പൈപ്പുകള്‍ പ്രചാരത്തിലായതോടെയാണ് ഈ ഇനത്തില്‍പെട്ട പ്ലാസ്റ്റിക്കിന്റെ ഉല്‍പാദനം വര്‍ധിച്ചതും ഡൈക്ലോറോ മീഥൈന്റെ ബഹിര്‍ഗമനം ഓസോണ്‍ പാളിക്ക് ഭീഷണിയാകുന്ന തരത്തില്‍ ഉയര്‍ന്നതും. ഓസോണ്‍ പാളിയുടെ 95 ശതമാനവും നശിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ബലൂണ്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് ഓസോണ്‍ പാളിയിലുണ്ടായ വിള്ളല്‍ ഏകദേശം 2.82 കോടി ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണ് നാസ കണ്ടെത്തിയത്. മാത്രമല്ല അത് കുറയാതെ അതേ അവസ്ഥയില്‍ തുടരുകയാണെന്നും നാസ പറയുന്നു.
മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍
1978ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡ, നോര്‍വ എന്നീ രാജ്യങ്ങളിലേയും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ക്ലോറോ ഫഌറോ കാര്‍ബണുകള്‍ അടങ്ങിയ എയ്‌റോസോള്‍ സ്‌പ്രേകള്‍ ഓസോണ്‍ പാളിയെ ക്ഷയിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളും അമേരിക്കയും ഇത്തരം രാസവസ്തുക്കളുടെ ഉല്‍പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ല. റഫ്രിജറേഷനിങിലും മറ്റു വ്യവസായങ്ങളിലും ഇവയുടെ ഉപയോഗം കൂടിവന്നതേയുള്ളു. 1985ല്‍ അന്റാര്‍ട്ടിക്കക്കു മുകളില്‍ ഓസോണില്‍ തുള കണ്ടെത്തിയതോട് കൂടിയാണ് സംഭവം ഭരണാധികാരികള്‍ ഗൗരവത്തോടെയെടുത്തത്. തുടര്‍ന്ന് 1987 സെപ്റ്റംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയയില്‍ വെച്ച് 24 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടി രൂപീകരിച്ചു. ഇതാണ് മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍. 1992 സെപ്റ്റംബറില്‍ ഇന്ത്യയും ഈ ഉടമ്പടിയുടെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."