ജനനേന്ദ്രിയം മുറിച്ച സംഭവം: ഒരുമിച്ച് ജീവിക്കാമെന്ന് യുവാവും യുവതിയും ഹൈക്കോടതിയില്‍
കൊച്ചി: കുറ്റിപ്പുറത്തെ ഹോട്ടല്‍ മുറിയില്‍വച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിലുള്‍പ്പെട്ട യുവാവും യുവതിയും ഹൈക്കോടതിയില്‍ ഒരുമിച്ചു ജീവിക്കുന്നതിനു തീരുമാനിച്ചു.
യുവാവ് തന്റെ ഭര്‍ത്താവാണെന്നും ഭര്‍തൃവീട്ടുകാര്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടി യുവതി നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ യുവതിക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് സ്വന്തം ഇഷ്ടത്തിന് പോകാന്‍ യുവാവിന് കോടതി അനുമതി നല്കി.
സെപ്റ്റംബര്‍ 21നാണ് മലപ്പുറം പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റത്. ഒപ്പമുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ച ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചു. വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിന് യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
തുടര്‍ന്ന് അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം ഹേബിയസ് ഹരജി നല്‍കുകയായിരുന്നു. ഏപ്രില്‍ 12ന് പാലക്കാട്ടെ ഖാസിയുടെ കാര്‍മികത്വത്തില്‍ തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് താന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുന്നതിനിടെ യുവാവ് തടഞ്ഞെന്നും ഇതിനിടെ അബദ്ധത്തില്‍ കത്തി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കൊണ്ടെന്നും യുവതിയുടെ ഹരജിയില്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് യുവാവിന്റെ പിതാവും സഹോദരനും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നും ഇതിനു ശേഷം പുറത്തിറങ്ങിയ തന്നോട് നവംബര്‍ ആറുവരെ യുവാവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഇതിനുശേഷം ഒരു വിവരവുമില്ലെന്നും ഹരജിയില്‍ യുവതി ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച ഡിവിഷന് ബെഞ്ച് നേരിട്ട് ഹാജരായ യുവാവിനോട് നിജസ്ഥിതി തിരക്കി. തന്റെ ജനനേന്ദ്രിയത്തിന് അബദ്ധത്തില്‍ മുറിവേറ്റതാണെന്നും യുവതിക്കൊപ്പം പോകണമെന്നും യുവാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."