ചവറയില്‍ സി.പി.എം- എസ്.ഡി.പി.ഐ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരുക്ക്
ചവറ: ചവറയില്‍ സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗത്തിലെയും നിരവധി പേര്‍ക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.
സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന റാലിക്കിടയിലേക്ക് എസ്.ഡി.പി.ഐ ജാഥ കടന്നുവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന എസ്.ഡി.പി.ഐ ബഹുജനമുന്നേറ്റയാത്ര കൊറ്റന്‍കുളങ്ങരയിലെത്തിയപ്പോഴാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. റെഡ്‌വളന്റിയര്‍ മാര്‍ച്ചോടെ വന്ന പ്രകടനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേരുണ്ടായിരുന്നു. ഇരുവിഭാഗവും കൊടികെട്ടിയ വടികളും മറ്റുമായി അടി തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിതറിയോടി. ഇതിനിടയില്‍ നടന്ന കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മിക്കതും തല്ലിത്തകര്‍ത്തതോടെ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. പരുക്കേറ്റ ഇരുവിഭാഗത്തിലുമുള്ളവര്‍ കൊല്ലം, നീണ്ടകര, കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രികളിലും ചവറയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
സമ്മേളനനഗരിയായ ചവറയില്‍ പ്രകടനം എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഘര്‍ഷം. കൊല്ലത്ത് നിന്നു വന്ന എസ്.ഡി.പി.ഐ വാഹനജാഥയെ നിയന്ത്രിക്കാന്‍ പൊലിസ് സംവിധാനമില്ലാത്തതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."