കലോത്സവ മാന്വല്‍ ഘട്ടം ഘട്ടമായി പരിഷ്കരിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
തൃശൂര്‍: കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. 2018 ജനുവരി ആറു മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആര്‍ഭാടം ഒഴിവാക്കിക്കൊണ്ടായിരിക്കും കലോത്സവം നടത്തുക. ലാളിത്യം കൊണ്ട് അത് മാതൃകയായി മാറും. എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഉണ്ടാകും. ആ രീതിയില്‍ മാന്വല്‍ പരിഷ്ക്കരിച്ചിട്ടുണ്ട്. മാന്വലില്‍ ഘട്ടം ഘട്ടമായി ആവശ്യമായ മാറ്റങ്ങള്‍ ഇനിയും വരുത്തും.
കുട്ടികളുടെ കഴിവ് പൊതുസമൂഹം അറിയണം. അതുകൊണ്ടു തന്നെ ആര്‍ഭാടത്തിന്റെ ആവശ്യമില്ല. ഘോഷയാത്ര അടക്കമുള്ള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനം മുഖ്യവേദിയാക്കി ഇരുപത്തഞ്ചോളം വേദികളാണ് കലോത്സവത്തിന് ഉദ്ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തൃശൂര്‍ ടൗണിനു ചുറ്റും പുതിയ വേദികള്‍ വേണമെങ്കില്‍ അതും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. മന്ത്രി എ സി മൊയ്തീന്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, കെ രാജന് എം.എല്‍.എ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. പി.പി പ്രകാശന്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പ്രൊഫ. എ ഫാറൂക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന്, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്, രാവുണ്ണി, ബാലചന്ദ്രന് വടക്കേടത്ത്, യുജിന്‍ മോറേലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."