റാഫേല്‍ യുദ്ധവിമാന കരാര്‍: കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കോടികളുടെ കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സാമ്പത്തിക ആരോപണം.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ നോട്ടു നിരോധനവും ജി.എസ്.ടിയും വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പാടുപെടുന്നതിനിടെയാണ് പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
റിലയന്‍സിനും അംബാനിക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി കരാറില്‍ മോദി സര്‍ക്കാര്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയെന്നാണ് ആരോപണം.
ഒരു സമ്പന്നനു വേണ്ടി റാഫേല്‍ കരാറില്‍ മോദി മാറ്റങ്ങള്‍ വരുത്തിയെന്നാണ് രാഹുലിന്റെ ആരോപണം. പ്രഥമദൃഷ്ട്യാ ഇതു ശരിയാണെന്നു സമ്മതിക്കേണ്ടി വരും. ഫ്രാന്‍സില്‍നിന്ന് 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാരാണ് തീരുമാനിച്ചിരുന്നത്. കുറഞ്ഞ തുകയ്ക്കു ടെന്‍ഡര്‍ നല്‍കിയ ഫ്രാന്‍സിലെ നിര്‍മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനുമായി വിലനിര്‍ണയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നീട് യു.പി.എ സര്‍ക്കാര്‍ പിന്മാറി. 54,000 കോടി രൂപയ്ക്കായിരുന്നു അന്ന് കരാറിനൊരുങ്ങിയിരുന്നത്.
എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ 2015ല്‍ ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കരാര്‍ പുതുക്കുകയായിരുന്നു. അന്ന് റിലയന്‍സ് ഉടമ അനില്‍ അംബാനിയും മോദിക്കൊപ്പം ഫ്രാന്‍സില്‍ ഉണ്ടായിരുന്നുവെന്നതാണ് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നത്.
126 റാഫേല്‍ വിമാനങ്ങള്‍ സാങ്കേതികവിദ്യയടക്കം 54,000 കോടി രൂപയ്ക്ക് ഇന്ത്യയിലെത്തിക്കാനായിരുന്നു യു.പി.എ സര്‍ക്കാരിന്റെ പദ്ധതി. ഇതില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ 126 എണ്ണമെന്നത് 36 ആക്കി കുറച്ച ബി.ജെ.പി സര്‍ക്കാര്‍ കരാര്‍ തുകയില്‍ കുറവു വരുത്തിയില്ല. 58,000 കോടി രൂപയോളം വരും പുതിയ കരാര്‍ തുക. പുതിയ കരാറനുസരിച്ചു സാങ്കേതികവിദ്യാ കൈമാറ്റവുമില്ല.
അതേസമയം സമയം ഡെസോള്‍ട്ട് കമ്പനിയുമായി റിലയന്‍സ് പുതിയ ആയുധക്കമ്പനി തുടങ്ങിയതും വിവാദമായിരിക്കുകയാണ്. ഇതിലൂടെ അംബാനിക്ക് വന്‍സാമ്പത്തിക ലാഭമുണ്ടായതായാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചു ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ തിരിമറി നടന്നെന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ആരോപണത്തെ ലജ്ജാവഹമെന്ന് വിശേഷിപ്പിച്ച കേന്ദ്രം നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാര്‍ നടന്നതെന്നും വ്യക്തമാക്കി. അഞ്ചു തവണകളായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം 2016 സെപ്റ്റംബറിലാണ് കരാര്‍ നിലവില്‍വന്നത്. ഒരു കരാര്‍ നടപ്പാക്കാന്‍ പത്തുവര്‍ഷം താമസിച്ച യു.പി.എ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച അവര്‍, കരാറില്‍ സാമ്പത്തിക തിരിമറികള്‍ നടന്നിട്ടില്ലെന്നും വിശദീകരിച്ചു. കരാറിനെ പിന്തുണച്ച് വ്യോമസേനയും രംഗത്തെത്തി. കരാറില്‍ തങ്ങള്‍ക്കു സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്ന് റിലയന്‍സും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."