ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്: അപര്‍ണ റോയിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം
വിജയവാഡ: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന്റെ അപര്‍ണ റോയ് മീറ്റ് റെക്കോര്‍ഡ് തിരുത്തി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം സ്വന്തമാക്കി. 14.01 സെക്കന്‍ഡില്‍ കുതിച്ചെത്തിയ അപര്‍ണ 2008ല്‍ ജി ഗായത്രി സ്ഥാപിച്ച 14.02 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്. രണ്ടാം ദിനത്തില്‍ രണ്ട് ദേശീയ റെക്കോര്‍ഡുകളും രണ്ട് മീറ്റ് റെക്കോര്‍ഡുകളും പിറന്നു. മഹാരാഷ്ട്രയുടെ വികാസ് യാദവ് ജാവലിന്‍ ത്രോ അണ്ടര്‍ 16 ആണ്‍ വിഭാഗത്തില്‍ (74.73 മീറ്റര്‍) റെക്കോര്‍ഡിട്ടപ്പോള്‍ അണ്ടര്‍ 18 അണ്‍ വിഭാഗം ഷോട് പുട്ടില്‍ ഹരിയാനയുടെ ദിപേന്ദര്‍ ദബാസ് 20.99 മീറ്റര്‍ താണ്ടി റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. അപര്‍ണയ്ക്ക് പുറമേ ജാര്‍ഖണ്ഡിന്റെ സപ്‌ന കുമാരി അണ്ടര്‍ 20 പെണ്‍ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് (14.11) സ്ഥാപിച്ചു. രണ്ടാം ദിനത്തില്‍ കേരളം മൂന്ന് സ്വര്‍ണം മൂന്ന് വെള്ളി ഒരു വെങ്കലം മെഡലുകളാണ് നേടിയത്. ഇതോടെ കേരളത്തിന്റെ മൊത്തം മെഡല്‍ നേട്ടം അഞ്ച് സ്വര്‍ണം ആറ് വെള്ളി നാല് വെങ്കലം മെഡലുകള്‍. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. അഞ്ജലി തോമസ് (14.99) മൂന്നാമതെത്തി വെങ്കലം സ്വന്തമാക്കി. അണ്ടര്‍ 20 ആണ്‍ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ സച്ചിന്‍ ബിനുവും (14.08 സെക്കന്‍ഡ്)സ്വര്‍ണം നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണവും വെള്ളിയും കേരള താരങ്ങള്‍ക്ക്. അര്‍ഷ ബാബു (3.30) സ്വര്‍ണവും അഞ്ജലി ഫ്രാന്‍സിസ് (3.20) വെള്ളിയും നേടി. അണ്ടര്‍ 16 പെണ്‍ വിഭാഗത്തില്‍ കേരളത്തിന്റെ ആന്‍ റോസ് ടോമി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ (14.81 സെക്കന്‍ഡ്)വെള്ളി നേടി. ഇതേ വിഭാഗം അണ്‍കുട്ടികളില്‍ കേരളത്തിന്റെ സൂര്യജിത്തും (13.63) വെള്ളി മെഡല്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."