ബ്ലാസ്റ്റേഴ്‌സ് വീണ്ടും പറ്റിച്ചു; കട്ടക്കലിപ്പിലായ കാണികള്‍ കൗണ്ടര്‍ തകര്‍ത്തു
കൊച്ചി: കാല്‍പന്തുകളി ആവേശത്തില്‍ തൊഴിലും സമയവും നഷ്ടപ്പെടുത്തി ഗാലറികളിലേക്ക് എത്തുന്ന ഫുട്‌ബോള്‍ പ്രേമികളോട് ലാഭം മാത്രം ലക്ഷ്യമിടുന്ന കോര്‍പറേറ്റുകള്‍ക്ക് പുച്ഛമാണെന്ന് കൊച്ചിയില്‍ തെളിഞ്ഞു. ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങി കളി കാണാനെത്തിയവര്‍ ഗാലറിയില്‍ കയറാന്‍ നെട്ടോട്ടമോടേണ്ടി വന്നു. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവരെ എത്രത്തോളം അപമാനിക്കാം. കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ഉദ്ഘാടന മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വാങ്ങിയവരായിരുന്നു ഇന്നലത്തെ ഇരകള്‍. ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയവര്‍ അത് കൈയില്‍ കിട്ടാനായി രാവിലെ മുതല്‍ കാത്തുനിന്നു. സ്റ്റേഡിയത്തിന് സമീപത്തെ കൗണ്ടറില്‍ നിന്ന് വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. പുലര്‍ച്ചെ തന്നെ ടിക്കറ്റ് വാങ്ങാനായി കാണികള്‍ സ്റ്റേഡിയത്തില്‍ എത്തി. സ്റ്റേഡിയത്തെ പലവട്ടം വലംവെച്ചു നടന്നിട്ടും കൗണ്ടറുകളൊന്നും കണ്ടെത്താനായില്ല. ടിക്കറ്റ് എവിടെ നിന്ന് കിട്ടുമെന്ന പറയാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് അധികൃതരും കൈമലര്‍ത്തി. ഇതോടെ സ്റ്റേഡിയത്തിലെ വി.ഐ.പി കവാടത്തിന് മുന്നില്‍ മഞ്ഞയില്‍ കുളിച്ചവരുടെ കട്ടക്കലിപ്പായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ശക്തമായി. പ്രതിഷേധം കൈയാങ്കളിയിലേക്ക് നീങ്ങുമെന്നയപ്പോള്‍ പൊലിസ് രംഗത്തെത്തി. ബ്ലാസ്റ്റേഴ്‌സ് അധികൃതരുമായി സംസാരിച്ചെങ്കിലും ഉറപ്പുകളൊന്നും നല്‍കാന്‍ അവര്‍ക്കായില്ല. ഇതോടെ പ്രതിഷേധം അതിരൂക്ഷമായി. രംഗം പന്തിയല്ലെന്ന് കണ്ടതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മെസേജ് വരുമെന്ന അറിയിപ്പ് നല്‍കിയാണ് പൊലിസ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. എന്നാല്‍, ഈ വിശദീകരണത്തിലും ടിക്കറ്റിനായി വന്നവര്‍ തൃപ്തരായില്ല. പിന്നീട് കലൂര്‍ റോഡിലെ മുത്തൂറ്റ് ശാഖയില്‍ ടിക്കറ്റ് ലഭിക്കുമെന്ന അറിയിപ്പ് വന്നതോടെ കുറേപേര്‍ അവിടേക്ക് പാഞ്ഞു. ഇതിനിടെ വീണ്ടും പ്രതിഷേധം ശക്തമായി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് കൈമാറാനായി തയാറാക്കിയ കൗണ്ടര്‍ തല്ലിത്തകര്‍ത്താണ് കലിപ്പ് തീര്‍ത്തത്. സുരക്ഷാ കാരണങ്ങളാലാണ് ബോക്‌സ് ഓഫിസ് കൗണ്ടര്‍ വഴി ടിക്കറ്റ് വിതരണം ചെയ്യാതിരുന്നതെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. ഇക്കാര്യം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ അറിയിച്ചിരുന്നതായും സംഘാടകര്‍ വാദിച്ചു. എന്നാല്‍, അറിയിപ്പ് വന്നത് പ്രതിഷേധം ശക്തമായതിന് ശേഷമാണ്.
ഓഫ് ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇല്ലാതിരുന്നിട്ടും കരിഞ്ചന്തയില്‍ വില്‍പന പൊടിപൊടിച്ചു. 240 രൂപയുടെ ടിക്കറ്റിന് 1000 രൂപയായിരുന്നു നിരക്ക്. കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ കരിഞ്ചന്തയില്‍ വില്‍പനയ്‌ക്കെത്തി. ജി.സി.ഡി.എ, കെ.എഫ്.എ വഴിയായിരുന്നു പ്രധാനമായും കോംപ്ലിമെന്ററി പാസുകളുടെ വിതരണം. സ്റ്റേഡിയത്തിലേക്കുള്ള പല വഴികളിലും കാറുകളില്‍ ഇരുന്നുമായിരുന്നു കോംപ്ലിമെന്ററി പാസുകളുടെ കരിഞ്ചന്ത കച്ചവടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."