'മഹാരാജ' പരാമര്‍ശം- ശശി തരൂരിനെതിരെ സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ശശി തരൂരിന്റെ 'മഹാരാജ' പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പത്മാവതി സിനിമയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമര്‍ശം.
ബ്രിട്ടിഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ 'മഹാ രാജാക്കന്മാര്' ഇപ്പോള്‍ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ടുകുത്തിയോ? രാജകുടുംബത്തില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിങ്, അമരീന്ദര്‍ സിങ് എന്നിവര്‍ക്ക് എന്താണു പറയാനുള്ളതെന്ന് സ്മൃതി ഇറാനി ചോദിച്ചു. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്വിജയ് സിങ്ങും അമരീന്ദറുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദമായതിനു പിന്നാലെ പരാമര്‍ശത്തില്‍ തരൂര്‍ വ്യക്തത വരുത്തിയിരുന്നു. രജപുത്ര അഭിമാനം താന്‍ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള ബി.ജെ.പിക്കാരുടെ അവകാശവാദം വിസ്മയിപ്പിക്കുന്നു. ബ്രിട്ടിഷുകാരുമായി സന്ധിയിലായ മഹാരാജാക്കന്മാരുടെ കാര്യമാണു താന്‍ പറഞ്ഞത്. അല്ലാതെ സാമുദായികമായ ഒരു പരാമര്‍ശവും നടത്തില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. തരൂര്‍ ചരിത്രം പഠിക്കണമെന്നും താന്‍ ഭൂതകാലത്തില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു ഗ്വാളിയോര്‍ രാജകുടുംബാംഗമായ സിന്ധ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."