ലേ ക്ലെസിയോ: തിരിച്ചുവിളിക്കുന്ന മരുഭൂ മൗനങ്ങള്‍
ഫ്രഞ്ച്-മൗറീഷ്യന്‍ ഇരട്ടപൗരത്വമുള്ള ഴാങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോ (ഖലമി ങമൃശല ഏൗേെമ്‌ല ഘല ഇഹല്വശീ)യ്ക്ക് 2008ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമ്പോള്‍, സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 'പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാരതീവ്രതയുടെയും നിലനില്‍ക്കുന്ന സംസ്‌കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ച് മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാദമി എടുത്തുപറഞ്ഞു. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പലായനത്തിന്റെയും കഥകള്‍ പറയുന്ന 'അലയുന്ന നക്ഷത്രം (ഠവല ണമിറലൃശിഴ ടമേൃ), 'മരുഭൂമി' (ഉലലെൃ)േ തുടങ്ങിയ കൃതികളിലൂടെ ലേ ക്ലെസിയോ തന്റെ ഉത്കണ്ഠകള്‍ പങ്കുവയ്ക്കുന്നു.
മെരുങ്ങാത്ത ഭൂപ്രകൃതിയുടെ എഴുത്തുകാരനായ ലെ ക്ലെസിയോ തന്റെ നൊബേല്‍ ഏറ്റുവാങ്ങല്‍ പ്രസംഗത്തിലുടനീളം, മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ യാത്ര ചെയ്ത ഡാരിയന്‍ പ്രദേശത്തെ കുറിച്ചും ലാറ്റിനമേരിക്കന്‍ ഭൂപ്രകൃതിയെ കുറിച്ചും ഏറെ വാചാലനായിരുന്നു. ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവെ വിലയിരുത്തപ്പെടുന്ന 'മരുഭൂമി'യുടെ പരിഗണനയില്‍ ഇക്കാര്യം ഏറ്റവും പ്രധാനമാണ്. പാരായണക്ഷമത പ്രഥമപരിഗണനയായിക്കാണുന്ന വായനക്കാര്‍ക്കു അത്ര പഥ്യമാകാനിടയില്ല ഈ പുസ്തകം. ശക്തമായ കഥാപാത്ര സൃഷ്ടിയോ ഇതിവൃത്ത പരിചരണമോ നോവലിസ്റ്റിന്റെ രീതിയല്ല, ഇവിടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലനിന്ന ചരിത്രസന്ധികളായ കൊളോണിയലിസവും യുദ്ധങ്ങളുമൊക്കെ നോവലിന് പശ്ചാത്തലമാകുന്നുണ്ടെങ്കിലും അവയൊന്നും വിശദമായി ഉന്നയിക്കുന്നതേയില്ല. രണ്ടു കാലഘട്ടങ്ങളിലൂടെ പലായനത്തിന്റെയും പ്രവാസത്തിന്റെയും കഥ പറയുകയാണ് 'മരുഭൂമി'.
ആദ്യത്തേതില്‍, 1900-1910 കാലഘട്ടത്തിലെ കൊളോണിയല്‍ വിരുദ്ധ സമരനായകനായിരുന്ന ഷെയ്ഖ് മാ-അല്‍-ഐനീന്റെ (ഇരുകണ്ണുകളിലെ ജലം) നേതൃത്വത്തില്‍ മൊറോക്കന്‍ നിവാസികള്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരേ സഹാറ മരുഭൂമിക്കു കുറുകെയുള്ള അവരുടെ പോരാട്ട-പലായനമാണു പറയുന്നത്.
ആദ്യം സ്പാനിഷ് സഹാറയിലെ സമാറ നഗരത്തിലേക്കും പിന്നീട് വടക്കന്‍ മൊറോക്കോയിലേക്കും അവര്‍ പലായനം ചെയ്യുന്നു. 'അവര്‍ മണലിന്റെയും കാറ്റിന്റെയും പ്രകാശത്തിന്റെയും രാത്രിയുടെയും പുരുഷന്മാരും സ്ത്രീകളും ആയിരുന്നു. ഒരു മണല്‍ക്കൂമ്പാരത്തിന്റെ മുകളില്‍ സ്വപ്നത്തിലെന്നപോലെ, മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെ സന്തതികളാണെന്നപോലെ അവര്‍ കാണപ്പെട്ടു. അപാരതയുടെ കാര്‍ക്കശ്യം തങ്ങളുടെ കൈകാലുകളില്‍ അവര്‍ പേറിയിരുന്നു. വിശപ്പും ചോരയൊലിക്കുന്ന ചുണ്ടുകളുടെ ദാഹവും മിന്നിത്തിളങ്ങുന്ന സൂര്യന്റെ കഠിനമായ നിശബ്ദതയും തണുത്ത രാത്രികളും ക്ഷീരപഥത്തിന്റെ തിളക്കവും ചന്ദ്രനും അവര്‍ തങ്ങളോടൊപ്പം കൊണ്ടുനടന്നു. സന്ധ്യക്ക് അവരുടെ കൂറ്റന്‍ നിഴലുകളും അവരുടെ ചെരിഞ്ഞ കാലുകള്‍ ചവിട്ടി നടന്ന കന്നിമണ്ണിന്റെ അലകളും അപ്രാപ്യമായ ചക്രവാളവും അവരെ അനുഗമിച്ചു. മറ്റെന്തിനും ഉപരിയായി, കണ്‍വെള്ളയില്‍ മിന്നിത്തിളങ്ങുന്ന പ്രകാശം അവര്‍ അവരോടൊപ്പം കൊണ്ടുനടന്നു.'
ആദ്യഘട്ടത്തില്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകുന്ന ജനത, ആവശ്യത്തിനു വേണ്ട വിഭവങ്ങളോ ആയുധങ്ങളോ ഒന്നുമില്ലാതെ, സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളുമൊക്കെയായുള്ള അനിശ്ചിതാവസ്ഥയെ നേരിടുന്നു. 'ഓരോ ദിനവും ആളുകള്‍ നൈരാശ്യത്തിന്റെയും രോഷത്തിന്റെയും അരികിലെത്തിക്കൊണ്ടിരുന്നു. നൂറിനു തന്റെ തൊണ്ട കൂടുതല്‍ അടഞ്ഞുപോകുന്നതായി തോന്നി. ഷെയ്ഖിന്റെ വിദൂരസ്ഥമായ കണ്ണുകള്‍ രാത്രികാലങ്ങളില്‍ അദൃശ്യമായ മലകള്‍ക്കു മുകളില്‍ അലഞ്ഞുതിരിയുന്നതായി അവനു തോന്നി. പിന്നീടവ ഒരു നിമിഷാര്‍ദ്ധം അവന്റെ മേല്‍ ഉടക്കി നിന്നു.
തന്നെ അന്തരാ പ്രകാശിപ്പിച്ച ഒരു കണ്ണാടിയിലെ മിന്നായം പോലെ.' കൂട്ടക്കൊലയില്‍ ഒടുങ്ങുന്ന സുനിശ്ചിത പരാജയത്തിലേക്കുള്ള യാനത്തില്‍ ടോരെഗ് വംശജരെ കൊന്നൊടുക്കുന്ന സൈനികരില്‍ ഭൂരിഭാഗവും സെനഗലില്‍ നിന്നുള്ളവരാണ് എന്നത്, സാമ്രാജ്യത്വ ശക്തികള്‍ക്കു മുന്നില്‍ പരമ്പരാഗത സമൂഹങ്ങളുടെ പരാജയവും അവര്‍ സഹജീവികളുടെ അന്തകരായി സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങളായി മാറുന്നതും എങ്ങനെയെന്ന നോവലിന്റെ സുപ്രധാന ചോദ്യത്തെ മുന്നോട്ടുവയ്ക്കുന്നു.
കുറേയേറെ കഥാപാത്രങ്ങളെ നാം തുടക്കത്തില്‍ തന്നെ കണ്ടുമുട്ടുന്നുണ്ടെങ്കിലും നോവലിസ്റ്റ് ചരിത്ര പരതയിലേക്കോ രാഷ്ട്രീയ-സാമൂഹിക മാനങ്ങളിലേക്കോ അത്രയൊന്നും ഊന്നുന്നില്ല; മറിച്ച് ഈ അടിയൊഴുക്കുകളില്‍ പെട്ടുപോകുന്ന മനുഷ്യരുടെ നിത്യ ജീവിതാവസ്ഥകളിലേക്കാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. നൂര്‍ എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെയുള്ള ഈ ആദ്യഭാഗത്തിനു ചരിത്രപരമായ പശ്ചാത്തലമുണ്ട്. മരുഭൂമിയിലെ നാടോടി സമൂഹത്തിന്റെ തലവന്‍ മാ-അല്‍-ഐനീന്റെ നേതൃത്വത്തില്‍ പശ്ചിമ സഹാറയില്‍ സമാറാ പട്ടണം നിര്‍മിക്കപ്പെട്ടതും ചരിത്രവസ്തുതകളാണ്.
നൂറിന്റെ കാഴ്ചയിലൂടെ ഈ നാടോടി കുടുംബങ്ങള്‍ അവരുടെ നാട്ടില്‍നിന്ന് തുരത്തപ്പെടുന്നതും വറുതിയിലും ദാഹത്തിലും മൊറോക്കന്‍ തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. മാ-അല്‍-ഐനീന്റെ പടയാളികളായ 'മരുഭൂമിയുടെ നീലമനുഷ്യ'രെ ഫ്രഞ്ച് സൈന്യം നിലംപരിശാക്കുന്നതോടെ പരാജയത്തിലും അവര്‍ മറ്റാര്‍ക്കും വസിക്കാനാവാത്ത അവരുടെ മരുഭൂ നാട്ടിലേക്ക് തിരിച്ചുപോകുന്നു.
രണ്ടാംഘട്ടത്തില്‍ നമ്മള്‍ ലല്ലയെ പരിചയപ്പെടുകയാണ്. വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും എഴുപതുകളുടെ കാലപരിസരമാണെന്ന് ഈ ഭാഗത്തെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നൂറിന്റെ, നീലമനുഷ്യരുടെ പിന്‍മുറക്കാരിയാണ് ലല്ല. അനാഥ. മരുഭൂമിയുടെ ജീവന്‍തുടിപ്പുകളൊക്കെയും ഇഷ്ടപ്പെടുന്നവള്‍. അതിന്റെ പ്രാണികളെ, കുഞ്ഞുറുമ്പുകളെ, ഈയലുകളെ, കടല്‍കാക്കകളെ. ഈ ഇഷ്ടം തന്നെയാണ് അവളെ മരുഭൂമിയുടെ നിശബ്ദ ആത്മാവായ ഇടയയുവാവ് എല്‍ സേര്‍ (രഹസ്യം) എന്ന് വിളിക്കുന്ന, 'ഹര്‍ത്താനി'യുമായി അടുപ്പിക്കുന്നതും.
'നീലമനുഷ്യ'രില്‍ ഒരു കിണറ്റിന്‍കരയില്‍ ഉപേക്ഷിച്ചുപോയ ബാലന്‍ ഇപ്പോള്‍ ഇടയനാണ്. ആദ്യകഥയില്‍ ഷെയ്ഖിന്റെ നോട്ടം ഉടക്കിനിന്ന നൂറിന്റെ നിഗൂഡ ആത്മാംശമുണ്ട് ഹര്‍ത്താനിയില്‍ എന്ന് പറയാം. 'അവന്‍ ഒരൊറ്റക്കാലില്‍ അവിടെ നില്‍ക്കുന്നു, ചലനമില്ലാതെ, സൂര്യനാളങ്ങളേറ്റ്, മറ്റേ പാദം ഈ കാലിന്റെ മുട്ടിനു ചുവടെ പിന്‍കാല്‍ വണ്ണയില്‍വച്ച്, അവന്‍ വിദൂരതയിലേക്കു നോക്കിനില്‍ക്കുന്നു. അവിടെ പ്രതിബിംബങ്ങള്‍ കാറ്റില്‍ നൃത്തം ചെയ്യുന്നു. ആട്ടിന്‍പറ്റം മേഞ്ഞുകൊണ്ടിരുന്ന ഭാഗത്തേക്കു നോക്കി'. പ്രകൃതിയുമായി അതീന്ദ്രിയ ഭാവത്തോടെ ഇണങ്ങിനില്‍ക്കുന്ന രണ്ടുപേര്‍ എന്നതും അനാഥത്വത്തിന്റെ സമാനാനുഭാവമുള്ളവര്‍ എന്നതുമാവാം ഇരുവരെയും ഒരുമിപ്പിക്കുന്നതും പ്രണയത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്നതും.
നോവലിലെ ഏറ്റവും കാവ്യസാന്ദ്രവും ഹൃദയാവര്‍ജകവുമായ ആഖ്യാനവും ലല്ല-ഹര്‍ത്താനി ബന്ധത്തിന്റെ ചിത്രീകരണത്തിലാണ്. 'ഇവിടെയായിരുന്നു മരുഭൂമിയുടെ വന്ധ്യമായ ക്രമത്തില്‍-എന്തും സാധ്യമാവുന്ന ഇടത്തില്‍, സ്വന്തം മൃതിയുടെ സീമകളില്‍ ഒരാള്‍ നിഴലില്ലാത്തവനായി നടക്കുന്ന ഇവിടെയായിരുന്നു അത്. നീലമനുഷ്യര്‍ സമാറയിലേക്കുള്ള അദൃശ്യപാതയില്‍ ചലിച്ചു, ലോകത്തിലെ ഏതു ജീവിയെക്കാളും സ്വതന്ത്രരായി'.
അമ്മാവന്റെയും അമ്മായിയുടെയും കൂടെ കുടിലില്‍ കഴിയുന്ന ലല്ല ആധുനികതയുമായി മുഖാമുഖം വന്നിട്ടേയില്ല. കിഴവന്‍ മുക്കുവന്റെ കഥകളില്‍ കേള്‍ക്കുന്ന നിറംപിടിപ്പിച്ച വടക്കന്‍ പ്രദേശ ഗാഥകള്‍ അവളെ മോഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് പ്രായക്കൂടുതലുള്ള ഒരു ധനികനുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍നിന്ന് ഒളിച്ചോടാനായി അവള്‍ ഓടിപ്പോവുന്നതും മാര്‍സേയില്‍സില്‍ എത്തിപ്പെടുന്നതും. തൂപ്പുകാരിയായി പ്രവാസജീവിതം തുടങ്ങുന്ന ലല്ല, ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറുടെ കണ്ണില്‍പ്പെടുന്നതോടെ കുറഞ്ഞൊന്നു പ്രശസ്തയാവുന്നുമുണ്ട്.
എന്നാല്‍, മരുഭൂമിയുടെ സന്തതിക്കു പണത്തിലും പ്രസിദ്ധിയിലും താല്‍പര്യമില്ല. മരുഭൂമിയുടെ ആത്മാവ് പോലെത്തന്നെ നിഗൂഢമായ രഥ്യകളുള്ള ഹര്‍ത്താനിയില്‍നിന്ന് അവള്‍ ഗര്‍ഭിണിയാണ്. എന്നാല്‍ അവന് ഒന്നിനോടും പ്രത്യേകം ചേര്‍ന്നുനില്‍ക്കാനാവില്ല. മറുവശത്തു നഗരം അവള്‍ക്കായി കാത്തുവച്ചതൊന്നും അവള്‍ സങ്കല്‍പ്പിച്ചതേ അല്ലായിരുന്നു. അംബരചുംബികള്‍ക്കിടയില്‍, തെളിഞ്ഞുവരുന്ന തന്റെ ഉടലിലേക്കു കൂര്‍ത്തുവരുന്ന നോട്ടങ്ങള്‍ക്കിടയില്‍, ലല്ലക്ക് ഏകാന്തതയും വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നു. അവള്‍ക്കു തിരിച്ചുപോവാതെ വയ്യ, മരുഭൂമിയുടെ അത്തിത്തണലിലേക്ക്.
ആദ്യഖണ്ഡത്തില്‍ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണം മരുഭൂമി മുറിച്ചുകടക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നുവെങ്കില്‍, രണ്ടാംഭാഗത്തു സ്വയംതിരഞ്ഞെടുപ്പിലൂടെ തന്റെ ഇടം അവിടെത്തന്നെയാണ് എന്നു കണ്ടെത്തുന്ന ലല്ലയെ നമ്മള്‍ കാണുന്നു. നാഗരികതയും നൈസര്‍ഗികമായ വന്യപ്രകൃതിയും തമ്മിലുള്ള താരതമ്യത്തില്‍ തന്റെ തിരഞ്ഞെടുപ്പ് എന്താണെന്നു ലെ ക്ലെസിയോ വ്യക്തമാക്കുന്നുണ്ട്. സംസ്‌കൃതിയുടെ ശേഷിപ്പുകളായ ജന്മദേശത്തുനിന്ന് തുരത്തപ്പെടുന്നതിന്റെയും പ്രവാസത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയുമൊക്കെ മാനുഷികദുരന്ത ഗാഥകളില്‍ ആകൃഷ്ടനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതൊരു പക്ഷേ തികച്ചും സ്വഭാവികവുമാണല്ലോ. (ഡോ. എസ്. വേലായുധന്റെ മനോഹരമായ മൊഴിമാറ്റത്തില്‍ 'മുരുഭൂമി' മലയാളത്തില്‍ ലഭ്യമാണ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."