HOME
DETAILS

ഉള്ളു കുളിര്‍പ്പിക്കുന്ന അപൂര്‍വനിമിഷങ്ങള്‍

  
backup
November 18 2017 | 19:11 PM

a-sajeevan-article-veenduvicharam-19112017

 


പ്രിയസഹോദരന്മാരായ ഓണമ്പള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെയും തോളോടുതോള്‍ ചേര്‍ന്ന് കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വരക്ഷേത്രത്തിന്റെ അങ്കണത്തിലേയ്ക്കു കാലുവയ്ക്കുമ്പോള്‍ ആ ഉച്ചവെയിലിലും ഹൃദയത്തിലേയ്‌ക്കൊരു കുളിരു കടന്നെത്തി.


പതിറ്റാണ്ടുകള്‍ക്കു മുമ്പു ശ്രീനാരായണഗുരു പറഞ്ഞ വാക്കുകള്‍ ആ കുളിരിനൊപ്പം മനസ്സിലേയ്ക്കു ഊര്‍ന്നിറങ്ങുന്നതായി തോന്നി.., 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി...'
കൂര്‍ക്കഞ്ചേരി പ്രദേശത്തു പലതവണ പോയിട്ടുണ്ട്. ഗുരുവിന്റെ ക്ഷേത്രസങ്കല്‍പ്പങ്ങളില്‍ കാതലായ മാറ്റംവരുത്തിയ ശ്രീ മഹേശ്വരക്ഷേത്രത്തെക്കുറിച്ചു ധാരാളം വായിച്ചറിയാം. ജാതിഭേദത്തിന്റെ അടിവേരു തോണ്ടുന്നതിനു തുടക്കമായ അതിന്റെ ചരിത്രത്തെക്കുറിച്ച് എഴുതിയിട്ടും പ്രസംഗിച്ചിട്ടുമുണ്ട്. എങ്കിലും, ഗുരുവിന്റെയും വത്സലശിഷ്യനായ ബോധാനന്ദസ്വാമികളുടെയും കാലടിപ്പാടുകള്‍ പതിഞ്ഞ ആ ക്ഷേത്രമുറ്റത്തേയ്ക്കു പോകാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.


അവിടേയ്ക്കുള്ള ആദ്യത്തെ യാത്ര സാമുദായികമൈത്രി ആഹ്വാനം ചെയ്യുന്ന ഭാരതീയം പദയാത്രയോടൊപ്പമാണെന്നതില്‍ സന്തോഷവും അഭിമാനവും തോന്നി. എതിര്‍വശത്തെ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടതു ക്ഷേത്രവളപ്പിലെ ബോര്‍ഡിലെ ബോധാനന്ദസ്വാമികളുടെ പേരായിരുന്നു. ഗുരുവിന്റെ ജാതിവിരുദ്ധപ്പോരാട്ടത്തിന്റെ പതാകവാഹകനായിരുന്ന ബോധാനന്ദസ്വാമികളുടെ പേരു കാണുന്നതുപോലും ആഹ്ലാദദായകമാണല്ലോ.
സര്‍വമതസാഹോദര്യത്തിന്റെ സന്ദേശവുമായി കടന്നുവരുന്ന എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പു നല്‍കാന്‍ ക്ഷേത്രയോഗം ഭാരവാഹികള്‍ ഒരുങ്ങിനില്‍പ്പുണ്ടായിരുന്നു. അഹിന്ദുക്കള്‍ ക്ഷേത്രമുറ്റത്തു കടക്കുന്നതു അനാവശ്യമായ വിമര്‍ശനത്തിനു വഴിയൊരുക്കേണ്ടെന്ന ചിന്തയാലായിരിക്കാം ഭാരതീയത്തിന്റെ സംഘാടകര്‍ സ്വീകരണപരിപാടിക്കായി ക്ഷേത്രകവാടത്തിനിപ്പുറത്തു റോഡരുകില്‍ സ്ഥലം കണ്ടെത്തി.


എന്നാല്‍, ശ്രീനാരായണധര്‍മം ഉള്ളിലുള്ള ക്ഷേത്രഭാരവാഹികള്‍ അതിഥികളെ ക്ഷേത്രവളപ്പിനുള്ളിലേയ്ക്കു ക്ഷണിച്ചുവരുത്തി. ക്ഷേത്രനടയ്ക്കടുത്തു തന്നെ സ്വീകരണച്ചടങ്ങൊരുക്കി. അപ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തിയതു കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വരക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ചരിത്രമുഹൂര്‍ത്തമായിരുന്നു.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന നിലയ്ക്കാണു ഗുരു അരുവിപ്പുറം മുതല്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതെങ്കിലും അക്കാലത്തെ ഈഴവര്‍ തങ്ങളേക്കാള്‍ ജാതിയില്‍ താണവരെ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതു ഗുരുവിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.


കൂര്‍ക്കഞ്ചേരി ക്ഷേത്രത്തിലാണ് ആദ്യമായി ഇതിനൊരു മാറ്റം വരുന്നത്. ആശാരി, തട്ടാന്‍ എന്നീ ജാതിക്കാര്‍ക്ക് ആ ക്ഷേത്രത്തിനുള്ളിലേയ്ക്കു പ്രവേശനം നല്‍കാനും പുലയര്‍, പറയര്‍ തുടങ്ങിയവര്‍ക്കു ബലിപ്പുരവരെ ചെല്ലുന്നതിന് അനുമതി നല്‍കാനും അന്നത്തെ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചു. അത് അക്കാലത്തു വിപ്ലവാത്മകമായ തീരുമാനമായിരുന്നു.
ക്ഷേത്രഭാരവാഹികളുടെ ആ തീരുമാനം ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചു.''ഇതു നല്ലതുടക്കമാണ്. സാവധാനത്തില്‍ എല്ലാവര്‍ക്കും അകത്തു പ്രവേശിക്കാനുള്ള അവസരം വന്നുകൊള്ളും'' എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. ഭാവിയില്‍ ശ്രീ മാഹേശ്വരത്തു മാത്രമല്ല, കേരളത്തിലെങ്ങും അതു പ്രാവര്‍ത്തികമായല്ലോ.
ഇന്നിതാ ഓണമ്പള്ളി ഉസ്താദിനും സഹപ്രവര്‍ത്തകര്‍ക്കും അന്നത്തെ ക്ഷേത്രഭാരവാഹികളുടെ പിന്മുറക്കാര്‍ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു അത്യൂഷ്മളമായ സ്വീകരണം നല്‍കിയിരിക്കുന്നു. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെയും മറ്റ് ആരാധനാസമ്പ്രദായമുള്ളവരെയും അവരുടെ ആ അവകാശം അംഗീകരിച്ചുകൊണ്ടുതന്നെ സഹോദരങ്ങളായി സ്‌നേഹിക്കുകയെന്ന ഗുരുവിന്റെയും ഇസ്‌ലാമിന്റെയും പ്രവാചകന്റെയും സമാനാശയത്തിലുള്ള ആഹ്വാനമാണ് ആ നിമിഷത്തില്‍ അവിടെ പ്രാവര്‍ത്തികമായത്.
ഇവിടെ ഗുരു പറഞ്ഞ വാക്കുകള്‍ അല്‍പ്പഭേദം വരുത്തി ആശംസയായി പറയട്ടെ: ''ഇതു നല്ലതുടക്കമാണ്. സാവധാനത്തില്‍ എല്ലാവര്‍ക്കും മറ്റുള്ളവരുടെ മനസ്സിലേയ്ക്കു പ്രവേശിക്കാനുള്ള അവസരം വന്നുകൊള്ളും.''


നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സാമൂഹികപശ്ചാത്തലത്തില്‍ അത്തരമൊരു മാറ്റത്തിനു എല്ലാവരും ബോധപൂര്‍വം പരിശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം, വിഭജനകാലത്ത് അതിര്‍ത്തിപ്രദേശങ്ങളില്‍ നടന്നപോലെ പരസ്പരശത്രുത വളര്‍ത്തി രാജ്യത്തു ചോരച്ചാലുകള്‍ സൃഷ്ടിക്കാനുള്ള ഗൂഢനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
'മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമഭക്തിയോടും സമബുദ്ധിയോടുംകൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാനതത്ത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്.'എന്നാണല്ലോ ഗുരു പറഞ്ഞത്.


'ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍നിന്നുള്ള മോചനമാണ് ഇന്ന് ഇന്ത്യയുടെ പ്രധാന ആവശ്യം.'എന്നും ഗുരു അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടു.
1924 ല്‍ ആലുവാ മണപ്പുറത്തു നടന്ന സര്‍വമതസമ്മേളനത്തില്‍ ഗുരുവിനെ സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു:
'ഗുരുദേവന്‍ ഹിന്ദുവായി ജനിച്ചു മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഹിന്ദുവായി ജീവിക്കുന്നുവെങ്കിലും അഹിന്ദുമത സിദ്ധാന്തങ്ങളെയും ഗ്രഹിക്കാവുന്നിടത്തോളം ഗ്രഹിച്ചു സര്‍വമതങ്ങളുടെയും പരമോദ്ദേശ്യം ഒന്നുതന്നെയാണെന്നും ഏതു മനുഷ്യനെയും ലോകത്തില്‍ ഉപകാരമുള്ള ഒരു ഉത്തമപൗരനോ സംസാരബന്ധ വിമുക്തനായ മുമുക്ഷുവോ ആക്കി മാറ്റുന്നതിന് ഏതു മതത്തിനും ശക്തിയുണ്ടെന്നും അറിഞ്ഞു സ്വശിഷ്യന്മാരെ അപ്രകാരം ഉപദേശിച്ചുവരുന്നു.'


മാനവമൈത്രിക്കായി കര്‍മരംഗത്തിറങ്ങണമെന്നു പ്രസംഗവേദിയിലും എഴുത്തിലും ആഹ്വാനം ചെയ്യുന്ന പലരും അതിനു തയാറാകാത്ത അവസ്ഥയിലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി തൃശൂരിലെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഒണമ്പള്ളിയുടെയും ബഷീര്‍ഫൈസിയുടെയും ഷഹീര്‍ ദേശമംഗലത്തിന്റെയും മറ്റും നേതൃത്വത്തില്‍ ഭാരതീയം പരിപാടി സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞവര്‍ഷമുണ്ടായ ഊഷ്മളാനുഭവമാണ് ഇത്തവണയും ഭാരതീയത്തില്‍ പങ്കാളിയാകാന്‍ പ്രേരണയായത്.
ശിശുദിനത്തില്‍ നടന്ന ഭാരതീയം പരിപാടിയുടെ ഓരോ അനുഭവവും സന്തോഷം പകരുന്നതായിരുന്നു. ജാഥയില്‍ പങ്കെടുക്കാനെത്തിയ ഞങ്ങള്‍ക്കെല്ലാം വിഭവസമൃദ്ധമായ പ്രഭാതഭക്ഷണമൊരുക്കി കാത്തിരിക്കുകയായിരുന്നു സുപ്രഭാതം ഫോട്ടോഗ്രാഫര്‍ പ്രദീപും കുടുംബവും. പ്രദീപിന്റെ അയല്‍വാസിയായ സെയ്തുമുഹമ്മദ്ക്ക അത്തര്‍ പൂശിയും സ്‌നേഹം ചൊരിഞ്ഞും ഞങ്ങളെയെല്ലാം സുഗന്ധത്തില്‍ ആറാടിച്ചു.


ഭാരതീയത്തിന്റെ പ്രയാണത്തിനായി അണിനിരക്കുമ്പോള്‍ മുന്നിലെ ബാനറിലെ പ്രധാനവാചകം ശ്രദ്ധയില്‍പ്പെട്ടു,
'വാദിക്കാനും ജയിക്കാനുമല്ല,
അറിയാനും അറിയിക്കാനുമാണ് '
ആലുവാ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമതസമ്മേളനത്തിന്റെ പ്രവേശനകവാടത്തില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം എഴുതിവച്ച വാക്കുകള്‍!
''ഇത്തരം പരിപാടികള്‍ ഒരു ജില്ലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ കേരളം മുഴുവന്‍ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.'' എന്നു ബഷീര്‍ ഫൈസി ആത്മഗതമെന്നോണം പറഞ്ഞു.
എന്റെ മനസ്സിലും ആ സമയം അങ്കുരിച്ചത് അതേ വാചകം തന്നെയായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago