അര്‍ജന്റീനയില്‍ കാണാതായ സൈനികക്കപ്പലിനു വേണ്ടി തിരച്ചില്‍ ഊര്‍ജിതം
ബ്യൂണസ് അയേഴ്സ്: 44 നാവികരുമായി തിരിച്ച അര്‍ജന്റീനയുടെ സൈനിക കപ്പല്‍ തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായി. രണ്ടു ദിവസമായി കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അര്‍ജന്റീന അധികൃതര്‍ അറിയിച്ചു. കപ്പലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അറാ സാന്‍ യുവാന്‍ എന്ന അര്‍ജന്റീനന്‍ സൈനിക കപ്പലാണു കാണാതായത്. ചിലിയുടെയും അര്‍ജന്റീനയുടെയും തീരപ്രദേശമായ പറ്റഗോണിയനില്നിന്ന് 432 കി.മീറ്റര്‍ അകലെ തെക്കന്‍ അര്‍ജന്റീനാ സമുദ്രത്തിലുണ്ടായിരുന്ന കപ്പലില്‍നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി സന്ദേശം ലഭിച്ചതെന്ന് നാവിക വക്താവ് എന്റിക്വെ ബാല്‍ബി പറഞ്ഞു.
ലഭ്യമായ എല്ല ദേശീയ-അന്താരാഷ്ട്ര സേവനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി അര്‍ജന്റീനാ പ്രസിഡന്റ് മൗറിഷിയോ മാക്രി പറഞ്ഞു. നാസയുടെ ഗവേഷണ പേടകമായ യു.എസ് നാസാ പി-3 പര്യവേഷണ വിമാനവും ദൗത്യസംഘത്തിലുണ്ട്. ബ്രിട്ടനും അയല്‍രാജ്യങ്ങളായ ബ്രസീല്‍, ചിലി, ഉറുഗ്വെ, പെറു എന്നിവയും ദക്ഷിണാഫ്രിക്കയും സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്. തെക്കന്‍ അമേരിക്കന്‍ തീരമേഖലയായ ഉഷൈയ്യയില്നിന്ന് പതിവ് ദൗത്യം അവസാനിപ്പിച്ച് ബ്യൂണസ് അയേഴ്സിനടുത്തെ മാര്‍ ഡെല്‍ പ്ലാറ്റാ താവളത്തിലേക്കു മടങ്ങുകയായിരുന്നു സാന്‍ യുവാന്‍ കപ്പല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."