എന്‍.ഐ.എ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു
കോട്ടയം: എന്‍.ഐ.എ വീണ്ടും ഡോ. ഹാദിയയുടെ മൊഴിയെടുത്തു. എന്‍.ഐ.എ കൊച്ചി യൂനിറ്റാണ് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഹാദിയയുടെ മൊഴി വൈക്കത്തെ ടി.വി പുരത്തെ വീട്ടില്‍ നേരിട്ടെത്തി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ 10 മണിക്കൂറോളം നീണ്ടുനിന്നു.
ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനായി ഈ മാസം 27ന് നേരിട്ട് ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനും എന്‍.ഐ.എയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് നടപടി. ഹാദിയയ്ക്ക് പുറമെ പിതാവ് അശോകനില്‍നിന്നും സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഹാദിയയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുന്നത്. അന്തിമറിപോര്‍ട്ട് തയാറാക്കുന്നതിന് മുമ്പായി ആവശ്യമെങ്കില്‍ വീണ്ടും ഹാദിയയില്‍നിന്ന് മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. 27ന് വൈകിട്ട് മൂന്നിന് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് പിതാവിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
അതേസമയം, ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമാണെന്നും ഭര്‍ത്താവ് ഷെഫിന് ജഹാന് തീവ്രവാദബന്ധം ഉണ്ടെന്നുമുള്ള എന്‍.ഐ.എയുടെ വാദങ്ങള്‍ക്ക് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല.
എന്നാല്‍ ഷെഫിന് ജഹാന് തീവ്രവാദബന്ധമില്ലെന്നും സ്വന്തം താല്പര്യപ്രകാരമാണ് ഹാദിയ മതംമാറിയതെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."