മേയര്‍ക്കെതിരെ ആര്.എസ്.എസ് നടത്തിയത് ബോധപൂര്‍വ്വമായ ആക്രമണം: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയര്‍ പി.കെ പ്രശാന്തിനെതിരെ നടന്നത് ബോധപൂര്‍വ്വമായ ആക്രമണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പി.കെ. പ്രശാന്ത്രിനെ മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ചു.
ആര്.എസ്.എസ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. മേയറുടെ പരുക്ക് ഗുരുതരമാണെന്നും പുറത്ത് നിന്നെത്തിയവര്‍ അടക്കം ആക്രമണത്തില്‍ പങ്കെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു .
സന്ദര്‍ശക ഗാലറിയില്‍ കയറിക്കൂടിയ ആളുകള്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. കോര്പറേഷന് ഓഫിസില്‍ വച്ചു ഒരു മേയറുടെ നേര്‍ക്ക് ഇത്തരത്തില്‍ ഒരു ആക്രമണം നടത്താന്‍ എന്ത് ന്യായീകരണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെയാണ് കൗണ്‍സില്‍ യോഗത്തിനിടെ ബി.ജെ.പി -സി.പി.എം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
എം.പിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം അംഗീകരിക്കാത്തതില്‍ പ്രകോപിതരായ ബി.ജെ.പി അംഗങ്ങള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരായ ബീന, ലക്ഷ്മി, വി.ജി ഗിരികുമാര്‍, റസിയാബീഗം, സിന്ധു, മേയറുടെ സഹായി ബി. മോഹന്‍ എന്നിവര്‍ക്കും പരുക്കേറ്റു.
സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ഇതിനുശേഷം ഓഫിസിലേക്കു പോകുന്നതിനിടെയാണ് മേയറെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചത്. താഴെവീണ മേയറെ ബി.ജെ.പി അംഗങ്ങള്‍ ചവിട്ടിയതായും പറയുന്നു. പടി കയറുന്നതിനിടയില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറുടെ കാലില്‍ പിടിച്ച് മറിച്ചിടുകയായിരുന്നു.
പടിക്കെട്ടില്‍ വീണ മേയറെ സുരക്ഷാജീവനക്കാരും മറ്റ് കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഓഫിസില്‍ എത്തിയ മേയര്‍ക്കു ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."