ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 41കാരിക്ക് നേരെ ലൈംഗികാതിക്രമം; മൂന്നാഴ്ചയായിട്ടും പ്രതിയെ പിടികൂടാനായില്ല
കൊച്ചി: കെട്ടുറപ്പില്ലാത്ത കുടിലിനുള്ളില്‍ പട്ടാപ്പകല്‍ അതിക്രമിച്ചുകയറി 41കാരിയോട് ലൈംഗികാതിക്രമം കാട്ടിയതായി പരാതി. വൈപ്പിന്‍ മാലിപ്പുറം വളപ്പ് ആര്‍.എം.വി ചിറയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഇവരെ കുടിയൊഴിപ്പിക്കാന്‍ തൊട്ടടുത്ത് താമസിക്കുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ആരോപണമുണ്ട്. ഇക്കഴിഞ്ഞ മുപ്പതിനാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കുടിലില്‍ അതിക്രമിച്ച് കയറി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത് അയല്‍വാസിയായ ഡിങ്കന്‍ ഷിബുവാണെന്ന് ഇവര്‍ പറഞ്ഞു. വസ്ത്രം വലിച്ചു കീറി, തലഭിത്തിക്ക് ഇടിക്കുകയും മാറില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. കൈരണ്ടും വരിഞ്ഞ് കെട്ടിക്കൊണ്ടായിരുന്നു പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.
ക്രൂരമായി മര്‍ദനമേറ്റ ഇവര്‍ തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഒരാഴ്ച ചികിത്സയിലായിരുന്നു. ഞാറയ്ക്കല്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും സംഭവസ്ഥലത്തെത്തിയ പൊലിസ് ഷിബു മദ്യപിച്ച് അവശനായി കിടന്നിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. അതേസമയം ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഞാറയ്ക്കല്‍ സി.ഐ അഷറഫ് പറഞ്ഞു.
പ്രസവശുശ്രൂഷ നടത്തിവന്ന ഇവര്‍ വര്‍ഷങ്ങളായി ഒരു സെന്റില്‍ താഴെയുള്ള ഭൂമിയിലുള്ള ഈ കുടിലിലാണ് താമസം. മരിച്ചുപോയ തന്റെ പിതാവ് പണം നല്‍കി അയല്‍വാസിയായ വീട്ടമ്മയുടെ പക്കല്‍ നിന്ന് വാങ്ങിയ ഭൂമിയാണിതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ വീട്ടമ്മ തന്ത്രത്തില്‍ രേഖകള്‍ തന്റെ കൈയില്‍ നിന്ന് വാങ്ങി നശിപ്പിച്ചെന്നും പിന്നീട് ഒഴിഞ്ഞുപോകണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പറയുന്നു.
കുടിലിന് നേരെ രാത്രിയില്‍ കല്ലെറിഞ്ഞിരുന്നതായും തന്നെ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പറയുന്നു. തന്നോട് അതിക്രമം കാട്ടിയ ഡിങ്കന്‍ ഷിബുവും ഇതേ ആവശ്യം തന്നെയാണ് ഉന്നയിച്ചത്. കുടിലിനുസമീപം വലിയ വീട് വച്ച വീട്ടമ്മയും മകനും ഗെയിറ്റ് സ്ഥാപിക്കുന്നതിനുവേണ്ടിയാണ് തന്നോട് അതിക്രമം കാട്ടി കുടി ഒഴിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇവരുടെ ഭര്‍ത്താവിന് അന്യസംസ്ഥാനങ്ങളിലും മറ്റും എല്‍.ഇ.ഡി ബള്‍ബ് വില്‍പ്പന നടത്തുന്ന തൊഴിലാണ്. ഏകമകളെ ഭയം മൂലം മന്നത്തുള്ള അറബികോളജിലെ ഹോസ്റ്റലിലാക്കിയിരിക്കുകയാണ്. പരാതിയില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് തന്നെ പലരും വന്നുകാണുന്നുണ്ടെന്നും ഒരു സ്ത്രീ പണവുമായി വന്നെന്നും ഇവര്‍ പറഞ്ഞു. ഒരു കിലോമീറ്റര്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പരക്കെ ആക്ഷപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്തതിന്റെ കാരണം ഉള്‍പ്പെടെ പൊലിസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇവരെ സഹായിക്കാനായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലാണ് വനിതാ കമ്മിഷന് പരാതി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."