ബംഗളൂരു റോക്സ്; മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി
ബംഗളൂരു: ഐ.എസ്.എല്ലിലെ അരങ്ങേറ്റം ഗംഭീരമാക്കി ബംഗളൂരു എഫ്.സി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അവര്‍ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. മത്സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ബംഗളൂരു രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വലയിലാക്കിയത്. കളിയുടെ 67ാം മിനുട്ടില്‍ എഡു ഗാര്‍ഷിയയും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ നായകന് സുനില്‍ ഛേത്രിയുമാണ് വല ചലിപ്പിച്ചത്. ജയത്തോടെ ബംഗളൂരുവിന് മൂന്ന് പോയിന്റുകള്‍.
ബംഗളൂരു 4-4-2 ശൈലിയും മുംബൈ 4-2-3-1 ശൈലിയുമാണ് കളത്തില്‍ നടപ്പാക്കിയത്. കനത്ത ആക്രമണം അഴിച്ചുവിട്ടാണ് ബംഗളൂരു കളം നിറഞ്ഞത്. കളിയില്‍ 61 ശതമാനവും പന്ത് കൈവശം വച്ചതും ബംഗളൂരു തന്നെ. കളി തുടങ്ങി പത്താം മിനുട്ടില്‍ ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലിയോ കോസ്റ്റ പരുക്കേറ്റ് പുറത്തായത് മുംബൈയുടെ കളിയെ സാരമായി ബാധിച്ചു.
22ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ആക്രമണത്തിന് തുടക്കമിട്ട മുന്നേറ്റം നടത്തിയത്. നേരിയ വ്യത്യാസത്തിലാണ് ഗോള്‍ പിറക്കാതെ പോയത്. പിന്നീട് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ മുംബൈ ആദ്യ പകുതി പൂര്‍ത്തിയാക്കി.
രണ്ടാം പകുതി തുടങ്ങി 67ാം മിനുട്ടില്‍ ഉദാന്ത സിങ് തൊടുത്ത കോര്‍ണറില്‍ നിന്ന് എഡു ഗാര്‍ഷിയയാണ് ബംഗളൂരുവിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. താരത്തിന്റെ ഷോട്ടിന്റെ ഗതി മനസിലാക്കുന്നതില്‍ മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദറിന് പിഴച്ചു.
പിന്നീട് 90 മിനുട്ട് പൂര്‍ത്തിയാക്കി മത്സരം മൂന്ന് മിനുട്ട് ഇഞ്ച്വറി ടൈമിലേക്ക് നീണ്ടപ്പോഴാണ് ബംഗളൂരു രണ്ടാം ഗോള്‍ വലയിലാക്കിയത്.
ബോക്സില്‍ വച്ച് മെഹ്റാജുദീന്‍ വാഡു ഗോള്‍ കീപ്പര്‍ അമരീന്ദറിന് ഹെഡ്ഡ് ചെയ്ത് നല്കിയ മൈനസ് പാസ് താരം നെഞ്ചില്‍ തടുത്ത് ഒതുക്കാന്‍ ശ്രമിച്ചത് പിഴച്ചു.
പന്ത് നേരെ ലഭിച്ചത് ഛേത്രിക്ക് സമയം പാഴാക്കാതെ നായകന് ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. പിന്നാലെ മത്സരം അവസാനിച്ച് ലോങ് വിസിലും മുഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."