ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 49 റണ്‍സ് ലീഡ്
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ ഇന്നിങ്‌സില്‍ 172 റണ്‍സില്‍ പുറത്തായ ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന ശക്തമായ നിലയില്‍.
ഇന്ന് ഒരു ദിവസവും ഒന്‍പത് വിക്കറ്റുകളും അവശേഷിക്കേ ഇന്ത്യക്ക് 49 റണ്‍സ് ലീഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 294 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ 122 റണ്‍സ് ലീഡ് വഴങ്ങിയാണ് നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
ഓപണര്‍മാരായ കെ.എല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. ഇരുവരും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് 166 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ധവാനാണ് ഇന്നലെ പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. അര്‍ഹിച്ച സെഞ്ച്വറി ആറ് റണ്‍സ് അകലെ വച്ച് ധവാന് നഷ്ടമായത് മാത്രമാണ് ഇന്ത്യക്ക് നിരാശയേകിയ ഏക കാര്യം.
116 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും പറത്തി ധവാന്‍ 94 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ രാഹുല്‍ 73 റണ്‍സുമായും ചേതേശ്വര്‍ പൂജാര രണ്ട് റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു. ഇന്ന് ഒരു ദിവസം മാത്രം അവശേഷിക്കെ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത്.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങി ലങ്കയ്ക്ക് ശേഷിച്ച ആറ് വിക്കറ്റുകള്‍ 129 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി. 294 റണ്‍സില്‍ പുറത്തായ അവര്‍ 122 റണ്‍സ് ലീഡ് സ്വന്തമാക്കി പ്രതീക്ഷയോടെയാണ് രണ്ടാം ഇന്നിങ്‌സില്‍ ബൗളിങിനെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഓപണര്‍മാരുടെ മികവ് അവരുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറികള്‍ നേടിയ മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് (52), ലഹിരു തിരിമന്നെ (51) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ലങ്കയ്ക്ക് തുടക്കത്തില്‍ കരുത്തായതെങ്കില്‍ വാലറ്റത്ത് വെറ്ററന്‍ താരം രംഗണ ഹെറാത്തിന്റെ മികവാണ് അവരുടെ സ്‌കോര്‍ 250 കടത്തിയത്. 105 പന്തില്‍ 67 റണ്‍സെടുത്ത ഹെറാത്താണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഡിക്ക്‌വെല്ല (35), ചാന്‍ഡിമല്‍ (28) എന്നിവരും അല്‍പ്പനേരം ക്രീസില്‍ നിന്നു.
ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകളും ഉമേഷ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി പത്ത് വിക്കറ്റുകള്‍ പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."